ലിസിചാൻസ്കും പിടിച്ചെന്ന് റഷ്യ; കിഴക്കൻ യുക്രെയ്ൻ കൈവിടുന്നു
text_fieldsകിയവ്: സെവേറോഡോണെറ്റ്സ്കിനു പിറകെ ലിസിചാൻസ്കും വീഴുന്നു. കിഴക്കൻ യുക്രെയ്നിൽ ലുഹാൻസ്ക് പ്രവിശ്യയിലെ അവശേഷിക്കുന്ന ഏകപട്ടണം കൂടി തങ്ങളുടെ പിടിയിലായതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ അനുകൂല വിമതസേനയും റഷ്യൻ സേനയും ചേർന്ന് ലിസിചാൻസ്ക് സമ്പൂർണ വലയത്തിലാക്കിയെന്നും മേഖലയിൽ ഇതോടെ നിയന്ത്രണം പൂർണമായെന്നും റഷ്യൻ സേന പറഞ്ഞു.
അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ, ലിസിചാൻസ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നും റഷ്യൻ ആക്രമണം ശക്തമാണെന്നും യുക്രെയ്ൻ നാഷനൽ ഗാർഡ് വക്താവ് റുസ്ലാൻ മുസിചുക് അറിയിച്ചു. ആഴ്ചകളായി ആക്രമണം തുടരുന്ന പട്ടണം ഏതുനിമിഷവും വീഴുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മേഖലയിലെ മുൻനിര എണ്ണ സംസ്കരണശാലയുടെ നിയന്ത്രണം പിടിച്ചതായും റഷ്യൻ അവകാശവാദമുണ്ട്. ഡോണെറ്റ്സ്കിനു പിറകെ ലുഹാൻസ്കും കീഴടങ്ങിയാൽ കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആധിപത്യം പൂർണമാകും.
സമാനമായി, ഒഡേസക്കരികെ മിഖോലേവ് പട്ടണത്തിലും റഷ്യൻ ബോംബിങ് തുടരുകയാണ്. കരിങ്കടലിൽ പിടിമുറുക്കുന്നതിൽ നിർണായകമായ പട്ടണം അതിവേഗം നിയന്ത്രണത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമീപ ദിവസങ്ങളിൽ ആക്രമണം കനപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ സിവിലിയൻ താമസ കെട്ടിടം ആക്രമണത്തിൽ തകർന്ന് 21 പേർ മരിച്ചിരുന്നു.
റഷ്യൻ പട്ടണത്തിൽ ആക്രമണം
അതിനിടെ, വടക്കൻ യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാറി ബെൽഗോറോദ് പട്ടണത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്നു മരണം. ഇവിടെ യുക്രെയ്ൻ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ നശിപ്പിച്ചതായും അതിലൊന്നിന്റെ അവശിഷ്ടം പട്ടണത്തിലെ കെട്ടിടത്തിനു മുകളിൽ പതിച്ചതായും റഷ്യ അവകാശപ്പെട്ടു. എന്നാൽ, തങ്ങളല്ല ആക്രമണം നടത്തിയതെന്നും റഷ്യൻ മിസൈൽ തന്നെയാണ് പതിച്ചതെന്നും യുക്രെയ്നും വിശദീകരിച്ചു.
സഖാലിൻ-2 എണ്ണപദ്ധതി പൂർണമായി ഏറ്റെടുത്ത് റഷ്യ
വിദേശ കമ്പനികൾ വൻതോതിൽ നിക്ഷേപമിറക്കിയിരുന്ന റഷ്യയിലെ വൻകിട എണ്ണ ഖനന പദ്ധതിയായ സഖാലിൻ- 2 പുടിൻ ഭരണകൂടം പൂർണമായി ഏറ്റെടുത്തു. ആഗോള പ്രകൃതിവാതകത്തിന്റെ നാലു ശതമാനം വിതരണം ചെയ്യുന്ന പദ്ധതിയാണ് പ്രസിഡന്റ് പുടിൻ പൂർണമായി ദേശസാത്കരിച്ചത്. പാശ്ചാത്യ രാജ്യങ്ങൾ തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആഗോള എണ്ണ ഭീമന്മാരായ 'ഷെൽ', ജപ്പാന്റെ മിറ്റ്സൂയി, മിറ്റ്സുബിഷി തുടങ്ങിയ കമ്പനികളുടെ നിക്ഷേപം ഇതോടെ പിൻവലിക്കാൻ നിർബന്ധിതമാകും. കഴിഞ്ഞ ഫെബ്രുവരിയിൽ സഖാലിൻ പദ്ധതിയിലെ ശതകോടികളുടെ നിക്ഷേപം പിൻവലിക്കുമെന്ന് 'ഷെൽ' അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

