യുക്രെയ്ൻ നഗരങ്ങളിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം
text_fieldsയുക്രെയ്ൻ നഗരങ്ങളിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി റഷ്യ. പടിഞ്ഞാറൻ നഗരമായ ലവിവിലുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. അഞ്ച് മിസൈലുകളാണ് ഇവിടെ പതിച്ചത്. നിപ്രോപെട്രോവ്സ്ക് നഗരത്തിലും മിസൈലാക്രമണമുണ്ടായി.
ലവിവിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തിയതെന്ന് റീജിയണൽ ഗവർണർ മാക്സിം കൊസിസ്റ്റ്കി പറഞ്ഞു. ആറ് പേർ കൊല്ലപ്പെട്ടതിനൊപ്പം എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നിപ്രോപെട്രോവ്സ്കിലും കനത്ത ആക്രമണമുണ്ടായെങ്കിലും നിരവധി മിസൈലുകൾ യുക്രെയ്ൻ പ്രതിരോധ സൈന്യം തകർത്തതായി ഗവർണർ വലെന്‍റൈൻ രെസ്നിഷെങ്കോ അവകാശപ്പെട്ടു.
അതേസമയം, റഷ്യയുടെ മുന്നിൽ കീഴടങ്ങില്ലെന്ന് യുക്രെയൻ പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കി ആവർത്തിച്ചു. രാജ്യത്തിന്‍റെ തെക്കൻ മേഖലകളിൽ റഷ്യൻ സൈന്യം പീഡനമുറികൾ നിർമിക്കുകയാണെന്നും ജനങ്ങളെ തട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധാനന്തരമുള്ള യുക്രെയ്ന്‍റെ പുനർനിർമാണത്തിനായി അന്താരാഷ്ട്ര നാണയനിധിയുമായി സെലൻസ്കി ചർച്ച നടത്തി.
അതേസമയം, തുറമുഖ നഗരമായ മരിയുപോളിൽ നിന്ന് കീഴടങ്ങാൻ യുക്രെയ്ൻ സേനക്ക് റഷ്യ അന്ത്യശാസനം നൽകിയിരിക്കുകയാണ്. കീഴടങ്ങുന്ന സൈനികരുടെ ജീവൻ സുരക്ഷിതമായിരിക്കുമെന്നാണ് റഷ്യ പ്രസ്താവിച്ചത്. മരിയുപോളിലെ ഭീമൻ സ്റ്റീൽ പ്ലാന്റായ അസോവ്സ്റ്റലിലെ ഭൂഗർഭപാതക്കുള്ളിൽ നിലയുറപ്പിച്ച 2500 യുക്രെയ്ൻ സൈനികർ മാത്രമാണ് തങ്ങളെ പ്രതിരോധിക്കാൻ അവശേഷിക്കുന്നതെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. പ്രതിരോധം തുടർന്നാൽ തകർത്തുകളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

