Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കൻ മധ്യസ്ഥശ്രമങ്ങൾക്കിടെ ഡ്രോൺ ആക്രമണങ്ങളുമായി റഷ്യയും യുക്രെയ്നും

text_fields
bookmark_border
അമേരിക്കൻ മധ്യസ്ഥശ്രമങ്ങൾക്കിടെ ഡ്രോൺ ആക്രമണങ്ങളുമായി റഷ്യയും യുക്രെയ്നും
cancel

കിയവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഇരുരാജ്യങ്ങളിലെയും തലവന്മാരുമായി ചർച്ചകൾ നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ഇരുപക്ഷവും പരസ്പരം ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. യുക്രെയ്ൻ തലസ്ഥാനമായ കിയവിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണങ്ങളിൽ 15 ഓളം പേർക്ക് പരിക്കേൽക്കുകയും സബ്‌വേ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഖാർകീവ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്രെമൻചുക്കിലെ പ്രധാന ഊർജ്ജ നിലയത്തിന് നേരെയും ആക്രമണമുണ്ടായി. അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് യുക്രെയ്ൻ 630 ഡ്രോണുകൾ അയച്ചതായി മോസ്കോ മേയർ സെർജി സൊബ്യാനിൻ അറിയിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായും സെർജി സോബിയാനിൻ അറിയിച്ചു.

കിയവിലെ ഡ്നിപ്രോ നദിക്ക് കുറുകെയുള്ള സതേൺ പാലത്തിലെ മെട്രോ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ നടന്ന റഷ്യൻ ആക്രമണത്തെ തുടർന്നാണ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച വൈകിട്ടുണ്ടായ മറ്റൊരു ആക്രമണത്തിൽ കിയവിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു.

മോസ്കോയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ തെക്കുള്ള ലിപെറ്റ്സ്ക് നഗരത്തിലും ഡ്രോൺ ആക്രമണമുണ്ടായി. അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും ചികിത്സാ കേന്ദ്രത്തിലും ഡ്രോണുകൾ പതിച്ചതിനെത്തുടർന്ന് ഒരാൾക്ക് പരിക്കേറ്റതായി പ്രാദേശിക ഗവർണർ ഇഗോർ അർത്തമോനോവ് അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ചർച്ചകൾ നടത്തിയിരുന്നു.

റഷ്യയുടെയും അമേരിക്കയുടെയും പങ്കാളിത്തത്തോടെ ചർച്ചകൾ നടത്താനുള്ള അമേരിക്കൻ നിർദേശത്തെ യുക്രെയ്ൻ പിന്തുണക്കുന്നതായി സെലൻസ്കി ബുധനാഴ്ച വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾ എത്രയും വേഗം നടത്തണമെന്നാണ് യുക്രെയ്‌നിന്റെ നിലപാട്. അമേരിക്കയുടെ മധ്യസ്ഥതയിൽ കിയവുമായി സമാധാന ചർച്ചകൾ അടുത്ത മാസം തന്നെ പുനരാരംഭിക്കാൻ പുടിനും സമ്മതിച്ചിരുന്നു. എന്നാൽ നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലും ഇരുരാജ്യങ്ങളും ആക്രമണങ്ങൾ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Russia, Ukraine exchange strikes as US envoy leaves after talks
Next Story