`റഷ്യ, യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന് സെലന്സ്ക്കിയേക്കാൾ ആവേശം പുടിന്'; ഡോണൾഡ് ട്രംപ്
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ സെലൻസ്കിയെക്കാൾ താത്പര്യം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണെന്ന് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച ഊർജമേഖലയിലെ വെടിനിർത്തൽ ധാരണ റഷ്യ ലംഘിക്കുന്നുവെന്ന യുക്രെയ്ന്റെ ആരോപണത്തിനിടെയാണ് നയതന്ത്ര നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ വ്യവസ്ഥകൾ റഷ്യ പാലിക്കുന്നില്ലെന്നാണ് സെലൻസ്കി പറയുന്നത്.
സമാധാന കരാറിനായി പുടിൻ ആഗ്രഹിക്കുന്നുണ്ടെന്നും സെലൻസ്കിക്കും അതേ താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് റഷ്യ വെടിനിർത്തൽ പാലിക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയത്. ‘കരാറിലെത്താൻ പുടിനാണ് സെലൻസ്കിയെക്കാൾ കൂടുതൽ താത്പര്യമുള്ളതെന്നാണ് ഞാൻ കരുതുന്നത്’ ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം റഷ്യ വെടിനിർത്തൽ ലംഘിച്ചെന്ന കാര്യം തനിക്ക് ഉറപ്പില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ പുടിനും സെലൻസ്കിയും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇരുപക്ഷവും വെടിനിർത്തൽ ലംഘിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് ഇടപെടൽ നടത്തിയിരുന്നു. എന്നാൽ ഈ ധാരണകൾ യാഥാർഥ്യമായില്ലെന്നു മാത്രമല്ല നിലവിലുള്ളവ ലംഘിക്കുകയും ചെയ്തു.
ജനുവരിയിൽ യുക്രെയ്നിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കു നേരെ ഒരാഴ്ചത്തേക്ക് ആക്രമണം നടത്തില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, നാല് ദിവസത്തിനിപ്പുറം കിയവിലെ വൈദ്യുതി, താപനിലയങ്ങൾക്കുനേരെ റഷ്യ ആക്രമണം നടത്തി.
റഷ്യൻ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെയുള്ള യുക്രെയ്ന്റെ ആക്രമണങ്ങൾ തുടർന്നാൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തിവെക്കുമെന്നും ആയുധങ്ങൾ വാങ്ങുന്നതിനുള്ള പി.യു.ആർ.എല്ലിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
അതേസമയം ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ റഷ്യ പാലിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. യുക്രെയ്നിലെ ഊർജ കേന്ദ്രങ്ങൾക്കുനേരെ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
`അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച ഊർജമേഖലയിലെ വെടിനിർത്തൽ ഉറപ്പാക്കാൻ യുക്രെയ്ൻ തയാറാണ്. റഷ്യയും അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം, അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവെച്ച വ്യവസ്ഥകൾ റഷ്യ പാലിക്കുന്നതായി നിലവിൽ യാതൊരു സൂചനയുമില്ല' സെലൻസ്കി എക്സിൽ കുറിച്ചു.
ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ആരോപണങ്ങൾ തുടരുകയാണ്. വെടിനിർത്തൽ സംബന്ധിച്ച ധാരണ പ്രായോഗികമായി നടപ്പാക്കാൻ ഇരുപക്ഷവും നടപടികൾ സ്വീകരിക്കണമെന്ന നിലപാടാണ് യുക്രെയ്ൻ മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

