റഷ്യക്ക് പിന്തുണയുമായി ചൈന
text_fieldsബെയ്ജിങ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കാൻ തുടർച്ചയായി വിസമ്മതിച്ച ചൈന ഒടുവിൽ മനസ്സു തുറന്നു. തങ്ങളുടെ മുഖ്യസൗഹൃദ പങ്കാളിയാണ് റഷ്യയെന്ന് വിശേഷിപ്പിച്ചാണ് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം പറഞ്ഞത്.
റഷ്യൻ അധിനിവേശത്തെ ചൈന ഇതുവരെ വിമർശിക്കാത്തത് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കിയിരുന്നു. അതിനിടെ, റഷ്യയെ പരസ്യമായി പിന്തുണക്കുക മാത്രമല്ല, അമേരിക്കയുടെ വ്യാപാര, സാമ്പത്തിക ഉപരോധങ്ങളെ അപലപിക്കാനും ചൈന മടിച്ചില്ല. ശനിയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ, യുക്രെയ്നിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന ഏതു നീക്കത്തെയും ചൈന എതിർക്കുമെന്ന് വാങ് പറഞ്ഞിരുന്നു.
ചൈനീസ് ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങളോട് റഷ്യൻ അനുകൂല ഉള്ളടക്കം പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ബെയ്ജിങ് ന്യൂസ് പത്രത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഈ നിർദേശം പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് പിന്നീട് നീക്കി. വെള്ളിയാഴ്ച, ശീതകാല പാരാലിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി തലവൻ യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് സ്റ്റേറ്റ് ടി.വിയുടെ വിവർത്തനം സംപ്രേഷണം ചെയ്തത്. ഫെബ്രുവരി നാലിന് ബെയ്ജിങ്ങിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങും പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദപങ്കാളിത്തം തുടരാൻ അന്ന് ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചൈനയുടെ നിലപാടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

