Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച വീണ്ടും സജീവമാകുന്നു; ഒലെഷ്കിയിൽ വെടിനിർത്തൽ ധാരണ

text_fields
bookmark_border
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച വീണ്ടും സജീവമാകുന്നു; ഒലെഷ്കിയിൽ വെടിനിർത്തൽ ധാരണ
cancel

കിയവ്: നാലര വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ നിർണ്ണായക നയതന്ത്ര നീക്കവുമായി ഇരുരാജ്യങ്ങളും. റഷ്യൻ അധീനതയിലുള്ള യുക്രെയ്‌നിലെ ഒലെഷ്കി നഗരത്തിൽ വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തി. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഇടപെടലിലൂടെയാണ് ധാരണയുണ്ടായതെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. മാനുഷിക സഹായമെത്തിക്കുന്നതിനും സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുമായി ഒക്ടോബർ 27 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടെ നവംബർ ആദ്യപകുതിയിൽ റഷ്യ, യുക്രെയ്ൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും ചർച്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അറിയിച്ചു. അബുദബിയിൽ ചർച്ച നടത്താനാണ് നിലവിലെ ധാരണയെന്നും എന്നാൽ അടുത്ത കൂടിക്കാഴ്ച അബുദബിയിലോ സ്വിറ്റ്സർലൻഡിലോ ആയിരിക്കാമെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചർച്ചകൾക്കു പിന്നാലെ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കുമെന്നാണ് സെലൻസ്കിയുടെ പ്രതീക്ഷ. എന്നാൽ ചർച്ചകൾ എത്രത്തോളം മുന്നോട്ടുപോകുമെന്നത് റഷ്യയുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 27ന് പ്രാദേശിക സമയം പുലർച്ചെ നാലുമണി മുതൽ വെടിനിർത്തൽ നടപ്പാക്കുമെന്ന് റഷ്യൻ സൈനിക മേധാവി വലേരി ഗെരാസിമോവ് അറിയിച്ചു. ഇതേ സമയത്ത് വെടിനിർത്തൽ പാലിക്കുമെന്ന് യുക്രെയ്ൻ സൈന്യവും വ്യക്തമാക്കി. നഗരത്തിലേക്കുള്ള റോഡുകളിലെ കുഴിബോംബുകൾ നീക്കം ചെയ്യുക, ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുക, സാധാരണക്കാരെ സുരക്ഷിത പാതകളിലൂടെ ഒഴിപ്പിക്കുക എന്നിവയാണ് ദൗത്യത്തിന്റെ ഭാഗമെന്ന് യുക്രെയ്ൻ മനുഷ്യാവകാശ ഓംബുഡ്സ്മാൻ ദിമിത്രോ ലുബിനെറ്റ്സ് പറഞ്ഞു.

2022 ഫെബ്രുവരി മുതൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒലെഷ്കിയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് 24,000 പേർ താമസിച്ചിരുന്ന നഗരത്തിൽ ഇപ്പോൾ 1,700 മുതൽ 2,000 വരെ ആളുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും വയോധികരാണെന്നും അടിയന്തരമായി ചികിത്സയും മരുന്നും ഭക്ഷണവും ശുദ്ധജലവും ആവശ്യമാണെന്നും മെലാനിയ ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

ഡ്രോണുകൾ ഉപയോഗിച്ച് നഗരത്തിലേക്ക് രണ്ടുതവണ ഭക്ഷണം എത്തിച്ചതായും യുക്രെയ്ൻ അറിയിച്ചു. നഗരത്തിൽ സഹായവിതരണവും ഒഴിപ്പിക്കലും സുഗമമാക്കുന്നതിനായി ഇരുവിഭാഗവും താൽക്കാലികമായി സൈനിക നടപടികൾ നിർത്തിവക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കുന്നതിനിടെയാണ് പുതിയ ധാരണ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നോർവേയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, വിറ്റ്കോഫും ട്രംപിന്റെ മറ്റൊരു പ്രതിനിധിയായ ജാരെഡ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സെന്റ് പീറ്റേഴ്സ്ബർഗിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുക്രെയ്‌നുമായുള്ള ഏത് സമാധാന കരാറിലും ശക്തമായ സുരക്ഷാ ഉറപ്പുകൾ ഉൾപ്പെടുത്തണമെന്നും യുക്രെയ്ൻ സൈന്യത്തെ നിലനിർത്തുന്നതിനായി പത്തുവർഷത്തേക്കുള്ള ധനസഹായം ഉറപ്പാക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കും പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വാഷിങ്ടണും കിയവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. യുക്രെയ്ൻ സൈന്യം ശത്രു ആക്രമണങ്ങളെ നേരിടാൻ ആശ്രയിക്കുന്ന സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ആശയവിനിമയ സംവിധാനത്തിലെ നിയന്ത്രണങ്ങളാണ് തർക്കത്തിന് കാരണം. കൂടാതെ റഷ്യൻ ഡീസൽ അമേരിക്കയിലേക്കും ആഗോള വിപണികളിലേക്കും എത്തിക്കാൻ അനുവദിക്കുന്ന കരാറിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനവും യുക്രെയ്നെ ചൊടിപ്പിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Russia, Ukraine agree on ceasefire in embattled town, to hold peace talks next month
Next Story