ഏപ്രിലിൽ യു.എൻ രക്ഷാസമിതി നയിക്കുക റഷ്യ; വിമർശനവുമായി യു.എസും യുക്രെയ്നും
text_fieldsകിയവ്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്ത് ഏപ്രിലിൽ റഷ്യ. രക്ഷാസമിതിയിലെ 15 രാജ്യങ്ങൾ ഓരോ മാസവും അധ്യക്ഷ സ്ഥാനം വഹിക്കുന്നതാണ് രീതി. 2022 ഫെബ്രുവരിയിലാണ് റഷ്യ മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ചത്. ‘കാര്യക്ഷമമായ ബഹുമുഖത്വം’ വിഷയത്തിൽ നടത്തുന്ന ചർച്ചയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആണ് രക്ഷാസമിതിയെ നയിക്കുക.
ഏപ്രിൽ 25ന് പശ്ചിമേഷ്യ വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. അതിനിടെ, റഷ്യ അധ്യക്ഷത വഹിക്കുന്നതിനെ യു.എസും യുക്രെയ്നും രൂക്ഷമായി വിമർശിച്ചു. യു.എൻ ചാർട്ടർ നിരന്തരം ലംഘിക്കുകയും അയൽരാജ്യത്ത് അധിനിവേശം നടത്തുകയും ചെയ്ത റഷ്യക്ക് യു.എൻ രക്ഷാസമിതിയിൽ ഒരു സ്ഥാനവുമില്ലെന്നും നിർഭാഗ്യവശാൽ അവർ രക്ഷാസമിതിയിൽ ഉണ്ടായിപ്പോയെന്നും വൈറ്റ് ഹൗസ് വക്താവ് കരൈൻ ജീൻ പിയറി പറഞ്ഞു.
റഷ്യയുടെ അധ്യക്ഷ സ്ഥാനം അന്താരാഷ്ട്ര സമൂഹത്തിന്റെ കരണത്തേറ്റ അടിയാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതൊരു ചീത്ത തമാശയാണെന്നും അവർ അധ്യക്ഷ സ്ഥാനത്തെ പരിഹസിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

