യൂറോപ്പിനെ ആക്രമിക്കില്ല; ഇങ്ങോട്ടുവന്നാൽ തിരിച്ചടി കനത്തതാകും -റഷ്യ
text_fieldsന്യൂയോർക്: റഷ്യയും നാറ്റോയും തമ്മിൽ അതിർത്തി കടന്നുള്ള ഡ്രോൺ, യുദ്ധവിമാന സാന്നിധ്യത്തെ ചൊല്ലി സംഘർഷം ശക്തമാകുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഭീഷണി. യൂറോപ്പിനെ തന്റെ രാജ്യം ആക്രമിക്കാൻ പോകുന്നില്ലെന്നും എന്നാൽ, ഇങ്ങോട്ട് ആക്രമണമുണ്ടായാൽ തിരിച്ചടി കനത്തതാകുമെന്നും മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യു.എൻ പൊതുസഭയിലെ പ്രസംഗത്തിലാണ് മുന്നറിയിപ്പ്.
പോളണ്ട്, എസ്തോണിയ രാജ്യങ്ങൾക്കു മേൽ പറന്ന ഡ്രോണുകൾ നാറ്റോ യുദ്ധവിമാനങ്ങൾ വെടിവെച്ചിടുകയും പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ പ്രവേശിക്കുകയും ചെയ്തത് കനത്തവിമർശനത്തിനിടയാക്കിയിരുന്നു. റഷ്യൻ ഡ്രോണുകൾ എസ്തോണിയയുടെ ആകാശത്ത് എത്തിയില്ലെന്നും പോളണ്ടിൽ കടന്നത് യുക്രെയ്ൻ നടത്തിയ ഇടപെടൽ മൂലമാണെന്നുമാണ് റഷ്യൻ പ്രതികരണം. വിമാനങ്ങൾക്ക് സിഗ്നൽ ലഭിക്കാത്ത വിധം യുക്രെയ്ൻ ഇടപെട്ടുവെന്നാണ് ആരോപണം.
എന്നാൽ, ബോധപൂർവം വ്യോമാതിർത്തി ലംഘിച്ച് റഷ്യ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് യൂറോപ്യൻ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഇനിയും ഇത്തരം നടപടികളുണ്ടായാൽ തിരിച്ചടി കനത്തതാകുമെന്ന് നാറ്റോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രെയ്ന് നഷ്ടമായ ഭൂമിയത്രയും തിരിച്ചുപിടിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. നേരത്തേ, ഇവക്കുമേൽ അവകാശവാദം ഉന്നയിക്കാതെ പിൻവാങ്ങണമെന്നായിരുന്നു ട്രംപിന്റെ ഉപദേശം. യു.എൻ സമ്മേളനത്തിനെത്തിയ വോളോദിമിർ സെലൻസ്കിയുമായി ഓവൽ ഓഫിസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ നിലപാട് മാറ്റം. 2014ൽ ക്രീമിയ പിടിച്ചടക്കിയ റഷ്യ 2022ൽ ആരംഭിച്ച പുതിയ അധിനിവേശം വഴി യുക്രെയ്ന്റെ നിരവധി മേഖലകൾ പിടിച്ചടക്കിയിട്ടുണ്ട്.
അതിനിടെ, ഡെന്മാർക്കിലും നോർവേയിലും ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ബാൾട്ടിക് കടലിൽ പ്രതിരോധ സംവിധാനം ശക്തമാക്കി നാറ്റോ. ഇതിന്റെ ഭാഗമായി ഞായറാഴ്ച പോളണ്ട് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഡെന്മാർക്കിൽ തിരക്കുപിടിച്ച കോപൻഹേഗൻ വിമാനത്താവളം മണിക്കൂറുകൾ അടച്ചിട്ടു. മറ്റ് അഞ്ചു വിമാനത്താവളങ്ങളും ഭാഗികമായി പ്രവർത്തനം നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

