മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോൺ; വെടിവെച്ചിട്ടെന്ന് റഷ്യ
text_fieldsമോസ്കോ: മോസ്കോ നഗരത്തെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് റഷ്യ. നഗരത്തിന്റെ മേയർ സെർജി സോബയാനിനാണ് ഡ്രോണുകൾ വെടിവെച്ചിട്ട വിവരം അറിയിച്ചതെന്ന് ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രണ്ട് ഡ്രോണുകൾ നഗരത്തിന് മുകളിലൂടെ പറക്കാൻ ശ്രമിച്ചു. രണ്ടും എയർ ഡിഫൻസ് സിസ്റ്റം തകർത്തുവെന്ന് മേയർ വ്യക്തമാക്കി. ഇതിൽ ഒരെണ്ണം ഡോമോഡോവോ മേഖലയിലും മറ്റൊന്ന് മിൻസോക്കെ ഹൈവേയിലുമാണ് തകർന്നു വീണത്. ആർക്കും പരിക്കേറ്റില്ലെന്നും മോസ്കോ മേയർ പറഞ്ഞു.
പിന്നീട് ഡ്രോണുകൾ തകർത്ത വിവരം റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് മോസ്കോയിൽ ആക്രമണം നടത്താനുള്ള യുക്രെയ്ൻ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ മറ്റ് നാശ നഷ്ടങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

