കിയവ്: മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് പ്ലാന്റിൽ പ്രതിരോധം തീർത്ത ആയിരത്തോളം യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്റിനുള്ളിലുണ്ടെന്നും വിഘടനവാദി നേതാവ് പറയുന്നു. തിങ്കളാഴ്ച മുതൽ 950ലധികം സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം യുക്രെയ്നിൽ 3,752 പൗരന്മാർ കൊല്ലപ്പെടുകയും 4,062 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫിസ് സ്ഥിരീകരിച്ചു.229 കുട്ടികൾ മരിക്കുകയും 424 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്നിലെ മനുഷ്യാവകാശ ഓംബുഡ്‌സ്മാൻ ലുഡ്‌മില ഡെനിസോവ പറഞ്ഞു.
റഷ്യൻ അധിനിവേശ നഗരമായ മെലിറ്റോപോളിൽ നിരവധി ഉന്നത റഷ്യൻ ഉദ്യോഗസ്ഥരെ യുക്രെയ്ൻ സൈന്യം വധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൊനെറ്റ്സ്ക് മേഖലയിൽ റഷ്യൻ ആക്രമണത്തിൽ ഏഴ് പൗരന്മാർ കൊല്ലപ്പെട്ടതായി മേഖല ഗവർണർ പറഞ്ഞു. ചെർനിഹിവിലെ ഡെസ്‌ന ഗ്രാമത്തിൽ റഷ്യൻ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജനൽ എമർജൻസി സർവിസ് അറിയിച്ചു. യുക്രെയ്‌നിന്റെ കിഴക്കും തെക്കും ഭാഗങ്ങളുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് റഷ്യൻ ശ്രമം.
അതിനിടെ, യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യത്തെ യുദ്ധക്കുറ്റ വിചാരണയിൽ കുറ്റം സമ്മതിച്ച് റഷ്യൻ സൈനികൻ. ഫെബ്രുവരി 28ന് സുമി മേഖലയിൽ യുക്രേനിയൻ പൗരനെ വെടിവെച്ച് കൊന്ന കുറ്റമാണ് ബുധനാഴ്ച കിയവ് കോടതിയിൽ ഹാജരായ വാഡിം ഷിഷിമാരിൻ (21) സമ്മതിച്ചത്.
കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം. വിവിധ യുദ്ധക്കുറ്റങ്ങളിലായി 41 റഷ്യൻ സൈനികരാണ് വിചാരണ നേരിടുന്നത്.