805 ഡ്രോണുകൾ ഉപയോഗിച്ച് കീവിൽ റഷ്യൻ ആക്രമണം; യുക്രെയ്ൻ മന്ത്രിസഭാ ആസ്ഥാനത്തിനുമേൽ പുക
text_fieldsകീവ്: റഷ്യ വൻതോതിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്‌ൻ തലസ്ഥാനം ആക്രമിച്ചു. രണ്ടു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 15 പേർക്ക് പരിക്കേറ്റു. പ്രധാന സർക്കാർ കെട്ടിടത്തിന്റെ മേൽക്കൂരയിലും ബോംബ് പതിച്ചു. 805 ഡ്രോണുകളും ഡെക്കോയികളും ഉപയോഗിച്ച് റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യുക്രെയ്‌നിലെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റഷ്യൻ ഡ്രോൺ ആക്രമണമാണിതെന്ന് യുക്രെയ്‌ൻ വ്യോമസേനയുടെ വക്താവ് യൂറി ഇഹ്നാത്ത് സ്ഥിരീകരിച്ചു. വിവിധ തരത്തിലുള്ള 13 മിസൈലുകളും റഷ്യ വിക്ഷേപിച്ചു. വ്യോമസേനയുടെ പ്രസ്താവന പ്രകാരം, യുക്രെയ്ൻ 747 ഡ്രോണുകളും 4 മിസൈലുകളും വെടിവച്ച് നിർവീര്യമാക്കി. വെടിവെച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ 8 സ്ഥലങ്ങളിൽ വീണതായാണ് റിപ്പോർട്ട്.
കീവിലെ മന്ത്രിമാരുടെ മന്ത്രിസഭാ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് പുക ഉയരുന്നത് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടർമാർ പകർത്തി. പക്ഷേ, പുക നേരിട്ടുള്ള ഇടിയുടെ ഫലമാണോ അതോ അവശിഷ്ടങ്ങൾ തെറിച്ചതിന്റെ ഫലമാണോ എന്ന് വ്യക്തമല്ല. നഗരമധ്യത്തിലെ സർക്കാർ കെട്ടിടങ്ങളെ ലക്ഷ്യം വെക്കുന്നത് റഷ്യ ഇതുവരെ ഒഴിവാക്കിയിരുന്നു. റഷ്യ വ്യോമാക്രമണം തീവ്രമാക്കുന്നതിന്റെ സൂചനയാണ് പുതിയ ആക്രമണമെന്ന് പറയപ്പെടുന്നു.
യുക്രെയ്ൻ മന്ത്രിസഭയുടെ ആസ്ഥാനമായ ഈ കെട്ടിടത്തിൽ മന്ത്രിമാരുടെ ഓഫിസുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഫയർ ട്രക്കുകളും ആംബുലൻസുകളും എത്തിയതോടെ പൊലീസ് കെട്ടിടത്തിലേക്കുള്ള പ്രവേശനം തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

