യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം; 15 മരണം
text_fieldsകീവ്: യുക്രെയ്‌നിലെ കൈവിലേക്ക് റഷ്യ നൂറുകണക്കിന് ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളും വിക്ഷേപിച്ച് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിലെ സോളോമിയാൻസ്‌കി ജില്ലയിലെ ഒമ്പത് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഒരു ബാലിസ്റ്റിക് മിസൈൽ ഇടിച്ചു. അതിന്റെ ഒരു ഭാഗം മുഴുവൻ തുടച്ചുനീക്കി കൂമ്പാരമാക്കി.
രാത്രി മുഴുവൻ നടന്ന നിരവധി ആക്രമണങ്ങളിൽ തലസ്ഥാനത്തെ ഏകദേശം 27 സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു. റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാ പ്രവർത്തകർ തീയണച്ചതായും തീപിടിത്തമുണ്ടായിടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് ഒരു വയോധികയെ സ്ട്രെച്ചറിൽ ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കിയെന്നും അവർ അറിയിച്ചു.
റഷ്യൻ സൈന്യം യുക്രെയ്‌നിലേക്ക് 440ലധികം ഡ്രോണുകളും 32 മിസൈലുകളും അയച്ചതായി പ്രസിഡന്റ് േവ്ലാഡിമർ സെലെൻസ്‌കി പറഞ്ഞു. തലസ്ഥാനമായ കീവിലെ നാശത്തെ ‘ഏറ്റവും ഭയാനകമായ’ ഒന്നായി അദ്ദേഹം വിശേഷിപ്പിച്ചു.
‘ഇത്തരം ആക്രമണങ്ങൾ ശുദ്ധ ഭീകരതയാണ്. അമേരിക്കയും യൂറോപ്പും അടക്കം ലോകംമുഴുവൻ പ്രതികരിക്കണം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇത് ചെയ്യുന്നത് യുദ്ധം തുടരാൻ അദ്ദേഹത്തിന് കഴിയുമെന്നതിനാലാണ്’ - സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

