ട്രംപിന്റെ ഭീഷണി അവഗണിച്ച് പുടിൻ; യുക്രെയ്നിൽ ജയിലിലും ആശുപത്രിയിലും ബോംബിട്ടു, 21 മരണം
text_fieldsആക്രമണത്തിൽ തകർന്ന ജയിൽ
കിയവ്: യുക്രെയ്നുമായി 10-12 ദിവസത്തിനകം സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങളും തീരുവയും പ്രഖ്യാപിക്കുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവഗണിച്ച് സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് റഷ്യ.
യുക്രെയ്നിലെ ആശുപത്രിയിലും ജയിലിലും നടത്തിയ ബോംബാക്രമണത്തിൽ ചുരുങ്ങിയത് 21 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ പ്രവിശ്യയായ സപോറിഷ്യയിലെ ജയിലിൽ 17 തടവുകാരാണ് കൊല്ലപ്പെട്ടത്. 80ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ പകുതിയിലേറെ പേരുടെ നിലയും അതിഗുരുതരമാണ്. ജയിലിലെ ഭക്ഷണ ഹാൾ, തടവുമുറി, ഓഫിസ് എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
നിപ്രോയിലെ മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിച്ച മാതൃ-ശിശു പരിചരണ ആശുപത്രിയിൽ നാലുപേരും മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന മുൻനിർദേശം തിരുത്തി കഴിഞ്ഞ ദിവസമാണ് 12 ദിവസത്തിനകം നിർത്താൻ ട്രംപ് അന്ത്യശാസനം നൽകിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. എന്നാൽ, റഷ്യക്കെതിരെ അന്ത്യശാസനം നൽകുന്ന കളി അവസാനിപ്പിക്കണമെന്നായിരുന്നു റഷ്യൻ സൈനിക വക്താവിന്റെ പ്രതികരണം.
‘‘റഷ്യ ഇസ്രായേലോ ഇറാനോ അല്ല. ഓരോ പുതിയ അന്ത്യശാസനവും യുദ്ധത്തിലേക്കുള്ള ചുവടാണ്. അത് റഷ്യയും യുക്രെയ്നും തമ്മിലാകില്ല. അന്ത്യശാസനം നൽകുന്ന രാജ്യവുമായിട്ടായിരിക്കും’’ -റഷ്യൻ രക്ഷാ കൗൺസിൽ ഉപമേധാവി ദിമിത്രി മെദ്‍വദേവ് പറഞ്ഞു. യുക്രെയ്ന് പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഗ്ര ശേഷിയുള്ള രണ്ട് ഇസ്കന്ദർ-എം ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ 37 ഷാഹിദ് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിൽ 32 ഡ്രോണുകൾ തടുത്തിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

