അലക്സി നവാൽനിയെ റഷ്യ കൊന്നത് തവളവിഷം ഉപയോഗിച്ച്
text_fieldsലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നവാൽനിയെ പുടിൻ ഭരണകൂടം ആസൂത്രിതമായി കൊന്നതാണെന്ന് ഇന്റലിജൻസ് ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. എക്വഡോറിലെ ഡാർട്ട് തവളകളുടെ തൊലിയിലുള്ള വിഷാംശമായ എപ്പിബാറ്റിഡിൻ നവാൽനിയുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്വീഡൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ പ്രസ്താവനയിൽ ആരോപിച്ചു.
മാരകമായ ഈ വിഷവസ്തുവാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഇന്റലിജൻസ് ഏജൻസികൾ പറയുന്നു. സൈബീരിയയിലെ റഷ്യൻ അധീനപ്രദേശത്തത് 19 വർഷമായി തടവിലിരിക്കെയായിരുന്നു നവാൽനി മരിച്ചത്. വിഷബാധയെ ക്രൂരമെന്ന് വിശേഷിപ്പിച്ച ബ്രിട്ടൻ, രാസായുധ കൺവെൻഷന്റെ നഗ്നമായ ലംഘനമാണ് റഷ്യ നടത്തിയതെന്നും ആരോപിച്ചു.
രാസായുധമാണ് റഷ്യ ഉപയോഗിച്ചതെന്നാണ് ആരോപണമുയരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് നവാൽനിയുടെ ശരീരത്തിൽ വിഷത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് ഭാര്യ യൂലിയ നവാൽനി സെപ്റ്റംബറിൽ പറഞ്ഞിരുന്നു. പക്ഷാഘാതം, ശ്വാസതടസ്സം, വേദനാജനകമായ മരണം എന്നിവക്ക് കാരണമാകുന്ന വിഷം നൽകിയിട്ടുണ്ടെന്ന് ആദ്യ ദിവസം മുതൽ ഉറപ്പായിരുന്നുവെന്നും വ്ലാദിമിർ പുടിൻ രാസായുധമുപയോഗിച്ച് അലക്സിയെ കൊന്നുവെന്നും ഭാര്യ ആരോപിച്ചു. പുടിൻ കൊലപാതകിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ശത്രുക്കൾക്കെതിരെ വിഷം ആയുധമാക്കിയ നിരവധി ചരിത്രം റഷ്യക്കുണ്ട്. 2006ൽ ലണ്ടനിൽ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ മരണം, 2018ൽ സാലിസ്ബറിയിൽ മുൻ ചാരൻ സെർജി സ്ക്രിപാലിനെ നാഡികൾ തളർത്തി കൊല്ലാനുള്ള ശ്രമം, വർഷങ്ങൾക്കു മുമ്പ് നവാൽനിക്ക് നേരെ വിഷം നൽകാൻ ശ്രമിച്ചത് എന്നിവ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

