അന്താരാഷ്ട്ര ഉപരോധം; 'കൂട്ടില്ലാ രാജ്യങ്ങളുടെ' ലിസ്റ്റ് പുറത്തുവിട്ട് റഷ്യ
text_fieldsറഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചപ്പോൾ മുതൽ എതിർപ്പുമായി ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പ്രധാനമായും യു.എസ്, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവയാണ് റഷ്യക്കെതിരെ അണിനിരന്നത്. എന്നാൽ, ഇതിനെയൊന്നും കൂസാതെ യുദ്ധവുമായി മുന്നോട്ടുപോകുകയാണ് റഷ്യ. ഇതിനിടെയാണ് കടുത്ത സാമ്പത്തിക ഉപരോധം അടക്കം റഷ്യക്കുമേൽ ഏർപ്പെടുത്തിയത്. ഉപരോധത്തിന് പിന്നാലെയാണ് "സൗഹൃദമില്ലാത്ത രാജ്യങ്ങൾ" പട്ടിക ജനങ്ങൾക്കായി റഷ്യ പുറത്തിറക്കിയത്. സൗഹൃദമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുമായും വ്യക്തികളുമായും ഉള്ള എല്ലാ കോർപ്പറേറ്റ് ഇടപാടുകളും സർക്കാർ കമ്മീഷൻ അംഗീകരിക്കേണ്ടതുണ്ടെന്ന് റഷ്യ പറഞ്ഞു.
"സൗഹൃദമില്ലാത്ത രാജ്യങ്ങളിൽ" നിന്നുള്ള വിദേശ കടക്കാർക്കുള്ള വിദേശ കറൻസി കടങ്ങൾ റൂബിളിൽ താൽക്കാലികമായി അടക്കാൻ റഷ്യൻ സർക്കാരിനെയും കമ്പനികളെയും പൗരന്മാരെയും അനുവദിക്കുന്ന മാർച്ച് അഞ്ചിലെ പുടിന്റെ ഉത്തരവിനെ തുടർന്നാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
പട്ടികയിൽ അൽബേനിയ, അൻഡോറ, ആസ്‌ട്രേലിയ, ബ്രിട്ടൻ, ജേഴ്‌സി, അംഗുല, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ്, ജിബ്രാൾട്ടർ, യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ, ഐസ്‌ലാൻഡ്, കാനഡ, ലിച്ചെൻസ്റ്റീൻ, മൈക്രോനേഷ്യ, മൊണാക്കോ, ന്യൂസിലാൻഡ്, നോർവേ, സൗത്ത് കൊറിയ, സാൻ മറിനോ, നോർത്ത് മാസിഡോണിയ, സിംഗപ്പൂർ, യു. എസ്, തായ്വാൻ, യുക്രെയ്ൻ, മോണ്ടിനെഗ്രോ, സ്വിറ്റ്സർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളാണുള്ളത്.
യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. യൂറോപ്യൻ യൂനിയൻ, യു.കെ, യു.എസ് എന്നിവയും റഷ്യക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരി 24ന് റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്നിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. യു. എൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് 1.7 ദശലക്ഷത്തിലധികം ആളുകൾ യുക്രെയ്‌നിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

