യുക്രെയ്‌നിലുടനീളം ഒറ്റരാത്രികൊണ്ട് ആക്രമണം ശക്തമാക്കി റഷ്യ; നിരവധി മരണം
text_fieldsകീവ്: യുക്രെയ്‌നിനെതിരെ റഷ്യ ഒറ്റരാത്രികൊണ്ട് ആക്രമണം ശക്തമാക്കിയതായും രാജ്യത്തുടനീളം നടത്തിയ ആക്രമണങ്ങൾ മിക്ക പ്രദേശങ്ങളെയും ബാധിച്ചതായും റിപ്പോർട്ട്. റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണം കടുക്കുന്നതായാണ് സൂചന.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്‌ൻ തലസ്ഥാനമായ കീവ് ഏറ്റവും വലിയ ആക്രമണങ്ങളിലിനൊന്നിന് ഇരയായതിന് ഒരു ദിവസത്തിനു ശേഷമാണിത്. 48 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണവും.
യുക്രെയ്‌നിലുടനീളം 13 പേരുടെ മരണത്തിന് കാരണമായ ശനിയാഴ്ചത്തെ ആക്രമണങ്ങൾക്കു പിന്നാലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഉണ്ടാവുകയും തടവുകാരുടെ കൈമാറ്റത്തിന് കാരണമാവുകയും ചെയ്തു. എന്നാൽ, റഷ്യ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ സ്വീകരിച്ചിട്ടില്ല.
2022 ഫെബ്രുവരിയിലാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ യുക്രെയ്‌നിൽ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. നിലവിൽ റഷ്യ യുക്രെയ്‌നിന്റെ 20ശതമാനം പ്രദേശവും നിയന്ത്രിക്കുന്നു. ഇതിൽ ക്രിമിയയും ഉൾപ്പെടുന്നു. 2014 ൽ റഷ്യ പിടിച്ചടക്കിയ യുക്രെയ്നിന്റെ തെക്കൻ ഉപദ്വീപാണിത്.
ശനിയാഴ്ച റഷ്യ 367 വിവിധ തരം മിസൈലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. വ്യോമസേന 45 ക്രൂയിസ് മിസൈലുകൾ വെടിവച്ചിടുകയും 266 യു.എ.വികൾ നിർവീര്യമാക്കുകയും ചെയ്തു.
രാത്രിയിലെ ആക്രമണങ്ങൾക്ക് ശേഷം ഒന്നിലധികം പ്രദേശങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കീവ് മേഖലയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവിസ് പറഞ്ഞു. റഷ്യൻ ആക്രമണങ്ങൾക്ക് ശേഷം നിരവധി വീടുകൾ കത്തി നശിച്ചതിന്റെ ചിത്രങ്ങൾ കീവ് മേഖലാ മേധാവി മൈക്കോള കലാഷ്‌നിക് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
നഗരത്തിലെ മെട്രോയിലെ ഭൂഗർഭ സ്റ്റേഷനുകളിൽ നൂറുകണക്കിന് ആളുകൾ അഭയം തേടി. തലസ്ഥാനം ഞായറാഴ്ച വാർഷിക അവധി ആഘോഷിക്കുമ്പോഴാണ് ഈ സംഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

