കിയവ്: കിഴക്കൻ യുക്രെയ്നിലെ വ്യാവസായിക മേഖലകളിൽ ഷെല്ലിങ് ശക്തമാക്കി റഷ്യ. യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രവിശ്യയിലെ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചെടുത്ത റഷ്യൻ സൈന്യം വിവേചനമില്ലാത്ത ആക്രമണമാണ് നടത്തുന്നതെന്ന് ലുഹാൻസ്ക് ഗവർണർ സെർഹി ഹൈദൈ ആരോപിച്ചു.
ഡോൺബാസിൽ സിവിറോ ഡോണെട്സ്ക് നഗരത്തിൽ യുക്രെയ്ൻ സൈന്യവും നിരീക്ഷണം ശക്തമാക്കി. മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവേ ജനങ്ങൾ വീടുവിട്ട് പലായനം ചെയ്യുകയാണ്. അതിനിടെ, യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ വിചാരണയിൽ, യുക്രെയ്ൻ പൗരനെ വെടിവെച്ച റഷ്യൻ പട്ടാളക്കാരന് യുക്രെയ്ൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും സംയുക്ത പ്രസ്താവനയിലൂടെ റഷ്യൻ അധിനിവേശത്തെ അപലപിച്ചു. ഏഷ്യാ സന്ദർശനത്തിന് മുന്നോടിയായി യുക്രെയ്നുള്ള 40 ബില്യൻ ഡോളറിന്റെ സഹായത്തിന് ബൈഡൻ നേരത്തെ അംഗീകാരം നൽകിയിരുന്നു.