യുക്രെയ്നിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ: 23 മരണം
text_fieldsഡിനിപ്രോ: യുക്രെയ്നിൽ ഉപ്പുഖനനത്തിന് പേരുകേട്ട സോളേദർ നഗരം പിടിച്ചടക്കിയതിന് പിന്നാലെ ആക്രമണം രൂക്ഷമാക്കി റഷ്യ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ ശനിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ അപ്പാർട്മെന്റ് തകർന്ന് 15കാരി ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. 73 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മൂന്ന് വ്യോമാക്രമണങ്ങളും 57 മിസൈലുകളും 69 റോക്കറ്റ് ആക്രമണങ്ങളുമാണ് റഷ്യ നടത്തിയത്. ജനവാസമേഖലയെ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നും സ്ഥിതി അതിഗുരുതരമാണെന്നും യുക്രെയ്ൻ സൈനികവക്താവിനെ ഉദ്ധരിച്ച് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കുടുങ്ങിയ 40 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റീജനൽ ഗവർണർ വാലൈന്റൻ റസ്നിചെങ്കോ പറഞ്ഞു. ആക്രമണത്തിൽ ജനവാസമുള്ള നിരവധി അപ്പാർട്മെന്റുകളാണ് തകർന്നുവീണത്. നൂറുകണക്കിന് ആളുകൾ ഇതോടെ ഭവനരഹിതരായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സോളേദർ നഗരം പിടിച്ചടക്കിയശേഷം റഷ്യൻസേന നടത്തുന്ന പ്രത്യേക മുന്നേറ്റം പുതുപ്രവണതയാണെന്നും വൈകാതെ മറ്റൊരു നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രസിഡന്റ് വ്ലാദ്മിർ പുടിൻ പറഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം റഷ്യ പിടിച്ചടക്കി എന്ന് അവകാശപ്പെട്ട സോളേദർ നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും പോരാട്ടം ശക്തമാണെന്നുമാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. യുദ്ധത്തടവുകാരെ കൈമാറാനുള്ള തീരുമാനവും അവസാനനിമിഷം റഷ്യ റദ്ദാക്കിയതായി യുക്രെയ്ൻ ആരോപിച്ചു.
അതേസമയം, ബ്രിട്ടൻ റഷ്യയുടെ ആക്രമണം നേരിടാൻ യുക്രെയ്ന് വൻ ആയുധങ്ങൾ കൈമാറി. 14 ചലഞ്ചർ 2 യുദ്ധ ടാങ്കുകളാണ് യുക്രെയ്നിലേക്ക് അയച്ചത്. ശനിയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് കൂടുതൽ ആയുധങ്ങൾ ബ്രിട്ടൻ കൈമാറിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
യുക്രെയ്ന് കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ കൈമാറുന്ന ആദ്യ പടിഞ്ഞാറൻരാജ്യമാണ് യു.കെ. യുക്രെയ്നിനുള്ള പിന്തുണ തീവ്രമാക്കാനുള്ള അഭിലാഷത്തിന്റെ അടയാളമാണ് യുദ്ധ ടാങ്കുകളുടെ കൈമാറ്റമെന്ന് സുനക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

