യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം; യുക്രെയ്‌നിനെതിരെ 273 ഡ്രോണുകൾ പ്രയോഗിച്ച് റഷ്യ
text_fieldsകീവ്: പൂർണ തോതിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ റഷ്യൻ ഡ്രോൺ ആക്രമണത്തിന് സാക്ഷ്യം വഹിച്ച് യുക്രെയ്ൻ. യുദ്ധമാരംഭിച്ച 2022ന് ശേഷം യുക്രെയ്‌നും റഷ്യയും അവരുടെ ആദ്യത്തെ നേരിട്ടുള്ള ചർച്ചകൾ നടത്തിയതിന് പിന്നാലെയാണിത്. ഡോണൾഡ് ട്രംപും വ്‌ളാദിമിർ പുടിനും തമ്മിലുള്ള ഫോൺ കോളും തീരുമാനിച്ചിരുന്നു.
പ്രാദേശിക സമയം രാവിലെ 8 മണിയോടെ റഷ്യ 273 ഡ്രോണുകൾ വിക്ഷേപിച്ചു. പ്രധാനമായും കീവ് മേഖലയെയും രാജ്യത്തിന്റെ കിഴക്കുള്ള ഡിനിപ്രോപെട്രോവ്‌സ്ക്, ഡൊണെറ്റ്‌സ്ക് മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് യുക്രെയ്ൻ വ്യോമസേന പറഞ്ഞു. 28 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ട ആക്രമണത്തിൽ നാല് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വ്യോമസേനയുടെ കണക്കനുസരിച്ച് ആക്രമണത്തിനിടെ 128 ഡ്രോണുകൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ഒന്നുകിൽ സോഫ്റ്റ്‌വെയർ തകരാറുകൾ മൂലമോ ഇന്ധന അഭാവം മൂലമോ ആവാം. 88 ഡ്രോണുകൾ വെടിവെച്ചിട്ടു.
റഷ്യയും യുക്രെയ്‌നും വ്യോമ പ്രതിരോധത്തെ മറികടക്കാൻ കൂട്ടമായി ‘ചതി’ ഡ്രോണുകൾ ഉപയോഗിക്കുന്നത് വർധിപ്പിച്ചിട്ടുണ്ട്. റഡാർ സിസ്റ്റങ്ങളേക്കാൾ വലുതായി കാണപ്പെടുന്ന തരത്തിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ക്രൂയിസ് മിസൈലുകളുടെയോ മറ്റ് വ്യോമ ഉപകരണങ്ങളുടെയോ രൂപത്തെ അനുകരിക്കുന്നവയാണ് ഈ ഡ്രോണുകൾ.
റഷ്യ യുക്രെയ്‌നിനെതിരെ വിക്ഷേപിക്കുന്ന പല ഡ്രോണുകളും ഇത്തരത്തിലുള്ളതാണെന്ന് യുക്രെയ്‌നിലെ സുരക്ഷാ, സഹകരണ കേന്ദ്രത്തിന്റെ ചെയർമാനായ സെർഹി കുസാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

