യുക്രെയ്നിൽ സൈനികകേന്ദ്രം തകർത്ത് റഷ്യ
text_fieldsകിയവ്: അധിനിവേശം നാലു മാസത്തോടടുത്ത യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ. കിഴക്ക് സെവെറോഡോണെറ്റ്സ്കിൽ നിയന്ത്രണം പൂർണമാകാനടുത്തെത്തി നിൽക്കെ മറ്റിടങ്ങളിലേക്കും ആക്രമണം ശക്തമാക്കുന്നതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ മേഖലയിലെ ടെർണോപിലിൽ ആയുധകേന്ദ്രം റോക്കറ്റ് ആക്രമണത്തിൽ തകർന്നു. യു.എസും യൂറോപ്യൻ രാജ്യങ്ങളും കൈമാറിയ ആയുധങ്ങൾ സംഭരിച്ച കേന്ദ്രമാണ് തകർന്നത്. കരിങ്കടലിൽ നിന്ന് തൊടുത്ത റോക്കറ്റാണ് വൻനാശനഷ്ടമുണ്ടാക്കിയതെന്ന് മേഖല ഗവർണർ പറഞ്ഞു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം, ആയുധങ്ങൾ സംഭരിച്ചെന്ന വാർത്ത യുക്രെയ്ൻ നിഷേധിച്ചു.
കിഴക്ക്, ഡോൺബാസ് മേഖല പിടിക്കാനുള്ള പോരാട്ടത്തിൽ തന്ത്രപ്രധാനമായ സെവെറോഡോണെറ്റ്സ്കിൽ ആക്രമണം ശക്തമായി തുടരുകയാണ്. പട്ടണത്തിലേറെയും റഷ്യ പിടിച്ചിട്ടുണ്ടെങ്കിലും ഇരുസേനകളും തമ്മിലെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ലുഹാൻസ്ക് ഗവർണർ സെർഹി ഗെയ്ദായ് പറഞ്ഞു.
നഗരത്തിൽ, സിവിലിയന്മാർ അഭയം തേടിയ അസോട്ട് രാസശാലക്കു നേരെയും റഷ്യ ആക്രമണം നടത്തി. സമീപ പട്ടണമായ ലിസിചാൻസ്കിലും റഷ്യൻ നീക്കം ശക്തമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

