യുക്രെയ്നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
text_fieldsമോസ്കോ: യുക്രെയ്നിൽ വീണ്ടും താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കിയവ്, ഖാർകീവ്, സുമി, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയ്നിൽ കുടുങ്ങിയവർക്ക് സുരക്ഷിത ഇടനാഴി ഒരുക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യയുടെ നടപടി.
ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് വെടിനിർത്തിൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 13 ദിവസമായി കിയവ്, ഖാർകീവ്, സുമി എന്നീ നഗരങ്ങൾ കനത്ത ഷെല്ലാക്രമണമാണ് റഷ്യൻ സേന നടത്തുന്നത്.
യുക്രെയ്നിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് മാർച്ച് അഞ്ചിന് റഷ്യ താൽകാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചിരുന്നു. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ആറ് മണിക്കൂർ മാത്രം ദൈർഘ്യമുള്ള വെടിനിർത്തലാണ് അന്ന് പ്രഖ്യാപിച്ചത്. എന്നാൽ, വെടിനിർത്തലിനൊപ്പം യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.
യുക്രെയ്നിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് വിവിധ നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഓപറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഞായറാഴ്ച വരെ 76 വിമാനങ്ങളിലായി 15,920ഓളം പൗരന്മാരെ ഇന്ത്യയിലെത്തിച്ചെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക്. ഓപറേഷൻ ഗംഗ അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിയവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഹർജോത് സിങ്ങിനെ തിങ്കളാഴ്ച ഇന്ത്യയിലെത്തിക്കും.
സുമിയിൽ ബങ്കറുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള 1000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ പുറത്തിറങ്ങാൻ മാർഗമില്ലാതെ തുടരുകയാണ്. ഞായറാഴ്ച ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയ 486 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തിച്ചവരുടെ ആകെ എണ്ണം 2082 ആയി.