അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യക്കാർ; കപ്പൽ വിട്ടു നൽകണമെന്ന് റഷ്യ
text_fieldsമോസ്കോ: വെനിസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ. 17 യുക്രെയ്ൻ പൗരന്മാരും ആറ് ജേർജിയക്കാരും ഉൾപ്പടെ 28 ജീവനക്കാരാണ് കപ്പലിൽ ഇണ്ടായിരുന്നത്. ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു റഷ്യൻ പതാകയേന്തിയ ‘മരിനേര’ കപ്പൽ യു.എസ് പിടിച്ചെടുത്തത്.
വെനിസ്വേലയിലെ യു.എസ് അധിനിവേശത്തിന് ശേഷം അമേരിക്ക പിടിച്ചെടുത്ത രണ്ട് എണ്ണ ടാങ്കറുകളിൽ ഒന്നാണ് മരിനേര. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചാണ് യു.എസ് സേന കപ്പൽ പിടികൂടിയത്. അമേരിക്കയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും കപ്പലിനെയും കപ്പലിലുണ്ടായിരുന്ന ജീവനക്കാരെയും എത്രയും പെട്ടന്ന് വിട്ടുനൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. ആഴ്ചകളോളം പിന്തുടർന്നാണ് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ വെച്ച് കോസ്‍റ്റ് ഗാർഡും യു.എസ് സൈന്യവും മരിനേര കപ്പൽ പിടിച്ചെടുത്തത്. കനത്ത സുരക്ഷ മാർഗങ്ങളോടെയായിരുന്നു കപ്പൽ യാത്ര ചെയ്തിരുന്നത്.
വെനിസ്വേലയിൽ നിന്ന് പതിവായി എണ്ണ കൊണ്ടുപോകുന്ന കപ്പലാണിത്. ‘ബെല്ല വൺ’ എന്നായിരുന്നു കപ്പലിന്റെ പഴയ പേര്. ഗയാന പതാകയായിരുന്നു മുമ്പുണ്ടായിരുന്നത്. അത് മാറ്റി റഷ്യൻ പതാകയാക്കി പേര് ‘മരിനേര’ എന്നാക്കിയിരുന്നു. ഉപരോധമുള്ള എണ്ണ ടാങ്കറുകൾ വെനിസ്വേലയിലേക്ക് വരുന്നതും പോകുന്നതും തടയുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് നടപടി കൊള്ളയാണെന്നായിരുന്നു അന്ന് വെനിസ്വേലയുടെ പ്രതികരണം.
ഹിസ്ബുല്ലയുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് 2024ൽ ഈ കപ്പലിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 1982ലെ ഐക്യരകഷ്ട്രസഭയുടെ സമുദ്ര നിയമങ്ങൾ പ്രകാരം മറ്റ് രാഷ്ട്രത്തിന്റെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

