റഷ്യ 1,70,000 പേരെ കൂടി സൈന്യത്തിലെടുക്കുന്നു
text_fieldsമോസ്കോ: യുക്രെയ്ൻ യുദ്ധം എങ്ങുമെത്താതെ തുടരുന്ന സാഹചര്യത്തിൽ റഷ്യ സൈനികശേഷി വർധിപ്പിക്കുന്നു. 1,70,000 പേരെ കൂടി സൈന്യത്തിലെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടു. ഇതോടെ രാജ്യത്തിന്റെ ആകെ സായുധ സേനാംഗങ്ങൾ 13.2 ലക്ഷമാകും.
സൈന്യത്തിലെ എല്ലാ ജീവനക്കാരും ചേർന്നാൽ 22 ലക്ഷം വരും. 2023 ജനുവരി ഒന്നു മുതൽ ഡിസംബർ ഒന്നുവരെ 452,000 പേരെ സൈന്യത്തിലെടുത്തതായി മുൻ റഷ്യൻ പ്രസിഡന്റും ഇപ്പോൾ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഘട്ടംഘട്ടമായാണ് റിക്രൂട്ട്മെന്റ് നടത്തുക.
നിർബന്ധിത സൈനിക സേവനത്തിന്റെ വിപുലീകരണമല്ല ഇതെന്നും നാറ്റോയിൽനിന്നും അയൽരാജ്യങ്ങളിൽനിന്നുമുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ സൈന്യത്തെ ശക്തിപ്പെടുത്താനാണ് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. 2022 ആഗസ്റ്റിൽ 1,37,000 പേരെ സൈന്യത്തിലെടുത്തിരുന്നു.
സൈനികശക്തി പര്യാപ്തമാണ് എന്നാണ് നേരത്തേ ക്രെംലിൻ വിലയിരുത്തിയതെങ്കിലും യുക്രെയ്ൻ യുദ്ധം നീളുകയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാതെ പോവുകയും ചെയ്തതോടെയാണ് ശേഷി വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

