യുക്രെയ്ൻ യുദ്ധം തീർക്കാൻ യു.എസുമായുള്ള അടുത്ത ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്ന് റഷ്യ
text_fieldsമോസ്കോ: യുക്രെയ്ൻ യുദ്ധം തീർക്കാനുള്ള യു.എസുമായുള്ള അടുത്ത ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്ന് റഷ്യ. ആർ.ഐ.എ വാർത്ത ഏജൻസിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. യുദ്ധം തീർക്കാനുള്ള ചർച്ചകൾ വൈകാതെ നടക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റയബക്കോവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് യുദ്ധം തീർക്കാനായി റഷ്യയും യു.എസും തമ്മിൽ ആദ്യഘട്ട ചർച്ച നടന്നത്. സൗദി അറേബ്യയിൽ വെച്ചായിരുന്നു ചർച്ച. രണ്ടാംഘട്ട ചർച്ചയും മൂന്നാമതൊരു രാജ്യത്ത് വെച്ചാവും നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചർച്ചകളിൽ ഇരുഭാഗത്ത് നിന്നും ആര് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ വൈകാതെ കരാറിലെത്തുമെന്നും റഷ്യ വ്യക്തമാക്കി.
അതേസമയം, യുദ്ധം തീർക്കാനുള്ള ചർച്ചകളിൽ നിന്നും യുക്രെയ്നെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇത് സെലൻസ്കിയും ട്രംപും തമ്മിലുള്ള ഭിന്നതക്കും കാരണമായിരുന്നു. സെലൻസ്കിയെ ട്രംപ് ഏകാധിപതിയെന്ന് വിളിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി പുറത്ത് വന്നത്. സൗദി അറേബ്യയിൽ നടത്തിയ യു.എസ്-റഷ്യ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ഒഴിവാക്കിയതിൽ ട്രംപിനെ വിമർശിച്ച് നേരത്തെ സെലൻസ്കി രംഗത്തെത്തിയിരുന്നു. തെറ്റായ വിവരങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കുന്നതെന്നായിരുന്നു സെലൻസ്കിയുടെ വിമർശനം.
ഇതിന് പിന്നാലെയാണ് സെലൻസ്കിക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. സെലൻസ്കി ഏകാധിപതിയാണെന്നും ബൈഡനെ ഒരു വയലിനെ പോലെ നിയന്ത്രിക്കാൻ മാത്രമേ സെലൻസ്കിക്ക് കഴിയുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രസ്താവനക്കെതിരെ മറ്റ് യുറോപ്യൻ നേതാക്കൾ രംഗത്തെത്തി.
ജർമൻ ചാൻസലർ ഓൾഫ് ഷോൾസ്, യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ എന്നിവർ ട്രംപിനെ വിമർശിച്ചത്. സെലൻസ്കിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് തെറ്റാണെന്നായിരുന്നു ഷോൾസിന്റെ പ്രതികരണം. സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച യു.കെ പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്തുണയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

