റഷ്യയും താലിബാനും തമ്മിൽ സൈനിക കരാർ, തന്ത്രപരമായ നീക്കമെന്ന് വിലയിരുത്തൽ
text_fieldsമോസ്കോ: റഷ്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ നിർണായക സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷൊയ്ഗുവും താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. സൈനിക കരാറിന്റെ പൂർണമായ വിവരങ്ങളോ അതിന്റെ വ്യാപ്തിയോ പുറത്തുവിടാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. സാധാരണയായി ഇത്തരം കരാറുകളിൽ ആയുധ വിൽപന, സൈനിക പരിശീലനം, സാങ്കേതിക സഹായം, അറ്റകുറ്റപ്പണികൾ എന്നിവയാണ് ഉൾപ്പെടാറുള്ളത്.
യുക്രൈയ്നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങളും കാരണം റഷ്യ ഇപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതേസമയം, റഷ്യയിൽനിന്ന് വൻതോതിൽ ആയുധങ്ങൾ വിലക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി താലിബാൻ ഭരണകൂടത്തിനുമില്ല. അതിനാൽ വലിയ ആയുധക്കൈമാറ്റങ്ങൾക്ക് പകരം സൈനികർക്ക് പരിശീലനം നൽകൽ, തന്ത്രപരമായ ഏകോപനം, ആയുധങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയിലായിരിക്കും ഈ കരാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് സൂചന. വരാനിരിക്കുന്ന വലിയ സൈനിക കൂട്ടുകെട്ടിനേക്കാൾ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ഒരു രാഷ്ട്രീയ മുന്നറിയിപ്പാണ് ഈ കരാറിലൂടെ റഷ്യ നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്.
യു.എസ്, നാറ്റോ സൈന്യങ്ങൾ പിന്മാറിയതിന് ശേഷം അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നിരുന്നു. താലിബാനെ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഭരണകൂടമായി അംഗീകരിച്ച ഏക രാജ്യം റഷ്യയാണ്. ചൈന, കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി നയതന്ത്ര-വ്യാപാര ബന്ധങ്ങൾ പുലർത്തുന്നുണ്ടെങ്കിലും അവരാരും ഈ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന താലിബാന് റഷ്യയുമായുള്ള ഈ കരാർ വലിയൊരു നയതന്ത്ര വിജയമാണ്. റഷ്യയെ സംബന്ധിച്ചിടത്തോളം അമേരിക്കൻ പിന്മാറ്റത്തിന് ശേഷം മേഖലയിൽ തങ്ങളുടെ സ്വാധീനം വീണ്ടെടുക്കാനുള്ള മികച്ച അവസരമാണിത്. പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന അഫ്ഗാൻ ഭരണകൂടത്തിന്റെ വിദേശ നിക്ഷേപങ്ങൾ അടിയന്തിരമായി വിട്ടുനൽകണമെന്ന് റഷ്യൻ പ്രതിരോധ സെക്രട്ടറി സെർജി ഷൊയ്ഗു ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

