വെനസ്വേലൻ പ്രസിഡന്‍റിനെ തടവിലാക്കിയ അമേരിക്കൻ നടപടിയെ അപലപിച്ച് റഷ്യയും ഇറാനുമടക്കം രാജ്യങ്ങൾ
text_fieldsകറാക്കസ്: വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്‍റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തടവിലാക്കിയ അമേരിക്കൻ നടപടിയെ അപലപിച്ച് റഷ്യയും ഇറാനുമടക്കം വിവിധ രാജ്യങ്ങൾ.
വെനിസ്വേലയ്‌ക്കെതിരായ അമേരിക്കയുടെ സായുധ ആക്രമണം അപലപിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ നടപടികളെ ന്യായീകരിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും സംയമനം പാലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
വെനിസ്വേലക്കെതിരായ അമേരിക്കൻ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏത് തരത്തിലുള്ള സായുധ ഏറ്റുമുട്ടലിനുമപ്പുറം സമാധാനം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, ജീവന്റെയും മനുഷ്യന്റെയും അന്തസ്സിന്റെയും സംരക്ഷണം എന്നിവ നിലനിൽക്കണമെന്ന ബോധ്യം കൊളംബിയ റിപ്പബ്ലിക് ആവർത്തിക്കുന്നു -എന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്ക വെനിസ്വേലയ്‌ക്കെതിരെ ഒരു ക്രിമിനൽ ആക്രമണം നടത്തിയെന്നും അടിയന്തര അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെടുകയാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പറഞ്ഞു.
വിദേശ സൈനികരുടെ സാന്നിധ്യത്തെ ചെറുക്കും -വെനിസ്വേലൻ പ്രതിരോധ മന്ത്രി
രാജ്യത്തെ വിദേശ സൈനികരുടെ സാന്നിധ്യം വെനിസ്വേല ചെറുക്കുമെന്ന് പ്രതിരോധ മന്ത്രി വ്‌ളാദിമിർ പാഡ്രിനോ പ്രസ്താവനയിൽ അറിയിച്ചു. വെനിസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണം സിവിലിയൻ പ്രദേശങ്ങളെ ബാധിച്ചുവെന്നും മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പാഡ്രിനോ പറഞ്ഞു.
ആരാണ് നിക്കോളാസ് മദുറോ?
ഹ്യൂഗോ ചാവേസിന്റെ മരണശേഷം 2013ലാണ് നിക്കോളാസ് മദുറോ വെനസ്വേലയുടെ പ്രസിഡന്റായത്. ബസ് ഡ്രൈവറായും യൂനിയൻ സംഘാടകനായിട്ടുമായിരുന്നു തുടക്കം. വെനസ്വേലയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം ഉയർന്നുവന്നത്. ചാവേസിന്റെ കീഴിൽ മദുറോ വിദേശകാര്യ മന്ത്രിയായും പിന്നീട് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
അമേരിക്കയുടെ കടുത്ത വിമർശകനായിരുന്ന മദുറോ, തന്റെ സർക്കാറിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾക്ക് അമേരിക്ക നേതൃത്വം നൽകുന്നുവെന്ന് നിരന്തരം ആരോപിച്ചിരുന്നു. മദുറോയുടേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാശ്ചാത്യ സർക്കാറുംകളും പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം മദുറോ നിഷേധിച്ചിരുന്നു. മദുറോയുടെ 2024 ലെ തെരഞ്ഞെടുപ്പ് വിജയം അമേരിക്ക ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

