ഇന്ത്യക്കും ചൈനക്കുമെതിരെ പുതിയ വ്യാപാര തീരുവയുമായി ട്രംപ് ഭരണകൂടം; യുഎസ് നടപടി ഉടൻ
text_fieldsവാഷിങ്ടൺ: ഇന്ത്യയും ചൈനയുമടക്കം ഡസൻ കണക്കിന് രാജ്യങ്ങൾക്കെതിരെ പുതിയ ഇറക്കുമതി തീരുവ (താരിഫ്) ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഭ്യന്തര വ്യാവസായിക ഉൽപാദനത്തിന് നൽകുന്ന പിന്തുണയിലൂടെ ഈ രാജ്യങ്ങൾ അമേരിക്കൻ കമ്പനികൾക്ക് ദോഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നടപടിയെന്ന് പ്രമുഖ മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’റിപ്പോർട്ട് ചെയ്തു.
ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂനിയൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ സമ്പദ്‌വ്യവസ്ഥകളെയാണ് പുതിയ തീരുവയിലൂടെ യു.എസ് ലക്ഷ്യമിടുന്നത്. മാസങ്ങളായി ട്രംപ് ഭരണകൂടം നടത്തിവന്നിരുന്ന വ്യാപാര അന്വേഷണത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. അന്വേഷണ കണ്ടെത്തലുകൾ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യു.എസ്.ടി.ആർ) ജാമിസൺ ഗ്രീർ ഈ ആഴ്ച തന്നെ പുറത്തുവിടുമെന്നാണ് സൂചന.
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങി 16 രാജ്യങ്ങൾ നൽകുന്ന വ്യാവസായിക സബ്‌സിഡികളെക്കുറിച്ച് മാർച്ച് 11നാണ് യു.എസ് അന്വേഷണം ആരംഭിച്ചത്. അന്യായമായ വ്യാപാര രീതികൾ കണ്ടെത്തിയാൽ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന 1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമായിരുന്നു നടപടി.
ഈ രാജ്യങ്ങൾ നൽകുന്ന സബ്‌സിഡികളും സർക്കാർ പിന്തുണയും അമിതമായ വ്യാവസായിക ഉൽപാദന ശേഷി സൃഷ്ടിച്ചതായും, ഇത് കുറഞ്ഞ വിലക്ക് ആഗോള വിപണിയിൽ ഉൽപന്നങ്ങൾ എത്തിച്ച് യു.എസ് ഉൽപാദകരെ തകർക്കുന്നതായും ജാമിസൺ ഗ്രീർ ആരോപിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു. യുഎസ്ടിആർ പ്രഖ്യാപനം വരുന്നതോടെ ഈ രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപന്നങ്ങൾക്കും ഉയർന്ന തീരുവ നൽകേണ്ടി വരും. എന്നാൽ, ദേശീയ സുരക്ഷാ നിയമപ്രകാരം പ്രത്യേക തീരുവ ഏർപ്പെടുത്തിയിട്ടുള്ള സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ തുടങ്ങിയ ചില വ്യാവസായിക ഉൽപന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയേക്കും.
അന്തിമ തീരുവ നിരക്കുകൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും, 2025ൽ ട്രംപ് പ്രഖ്യാപിച്ചതിന് സമാനമായ നിരക്കുകളായിരിക്കും ഏർപ്പെടുത്തുകയെന്ന് ഭരണകൂട ഉദ്യോഗസ്ഥർ ആവർത്തിച്ചു. 2025ൽ ട്രംപ് ചുമത്തിയ ആദ്യഘട്ട തീരുവകൾ 2026 ഫെബ്രുവരിയിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
വിദേശ വിതരണ ശൃംഖലകളിലെ നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് യു.എസ്.ടി.ആർ ജൂലൈയിൽ ഒരു അന്വേഷണം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അമിത ഉൽപാദന അന്വേഷണ പരിധിയിൽ വരുന്ന 16 രാജ്യങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് വ്യാപാര പങ്കാളികൾക്ക് മേൽ 10 മുതൽ 12.5 ശതമാനം വരെ തീരുവ ചുമത്തുന്നത് ന്യായമാണെന്ന് യുഎസ് വിലയിരുത്തിയിരുന്നു. ജൂലൈയിൽ പ്രഖ്യാപിച്ച ഈ തീരുവകൾക്ക് പുറമെയായിരിക്കും പുതിയ നിരക്കുകൾ കൂടി വരുന്നത്.
ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായി ഇന്ത്യയും അമേരിക്കയും മാസങ്ങളായി ചർച്ചകൾ നടത്തിവരികയാണ്. ഫെബ്രുവരിയിൽ ഇതിന്റെ ചട്ടക്കൂടിന് അന്തിമരൂപം നൽകിയിരുന്നു. എന്നാൽ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം കഴിഞ്ഞ വർഷം ചുമത്തിയ തീരുവകൾ സുപ്രീം കോടതി റദ്ദാക്കിയതോടെ കരാർ വീണ്ടും ചർച്ചകളിലേക്ക് മടങ്ങി.
ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച് യുഎസ് വിപണിയിൽ തങ്ങളുടെ ഉൽപന്നങ്ങൾക്ക് കുറഞ്ഞ തീരുവ ലഭിക്കണമെന്നാണ് പുതിയ കരാറിലൂടെ ഇന്ത്യ ആവശ്യപ്പെടുന്നത്.

