Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിന് ക്യൂബ...

യു.എസിന് ക്യൂബ ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ്​ സെക്രട്ടറി; കള്ളം പ്രചരിപ്പിക്കുകയാണെന്ന് ക്യൂബയുടെ മറുപടി

text_fields
bookmark_border
marco rubio
cancel

വാഷിങ്ടൺ: അമേരിക്കക്ക് ക്യൂബ ‘ദേശീയ സുരക്ഷ ഭീഷണി’ ഉയർത്തുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ്​ സെക്രട്ടറി മാർക്കോ റൂബിയോ. ക്യൂബയുമായി ഒരു സമാധാനപരമായ ധാരണയി​ലെത്താനുള്ള സാധ്യത കുറവാണെന്നും റൂബിയോ പറഞ്ഞു.

1996ൽ ക്യൂബക്കും ​ഫ്ലോറിഡക്കും ഇടയിൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റംചുമത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ ​പ്രതികരണം. നയതന്ത്ര ചർച്ചകളേക്കാൾ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുകയെന്ന് വ്യക്തമാക്കിയ റൂബിയോ ഏത് ഭീഷണിയിൽനിന്നും തന്റെ രാജ്യത്തെ സംരക്ഷിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അവകാശവും ബാധ്യതയു​മുണ്ടെന്നും പറഞ്ഞു.

അതേസമയം, റൂബിയോയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് രംഗത്തെത്തി. റൂബിയോ കള്ളം പറയുകയാണെന്നും ദ്വീപ് ഒരിക്കലും യു.എസിന് ഭീഷണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സർക്കാർ നിർദയമായും ആ​സൂത്രിതമായും തന്റെ രാജ്യത്തെ യു.എസ് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യു.എസിന്റെ ഇന്ധന ഉപരോധവും സാമ്പത്തിക സമ്മർദ്ദങ്ങളും മൂലം ക്യൂബയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമവും വൈദ്യുതി പ്രതിസന്ധിയും തുടരുകയാണ്. ക്യൂബക്കെതിരെ സമ്മർദ്ദം ചെലുത്താൻ ട്രംപ് ആവർത്തിച്ച് ശ്രമം നടത്തുന്നുണ്ട്. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനാണ് ട്രംപിന്റെ നീക്കം.

1996ൽ ക്യൂബക്കും ​ഫ്ലോറിഡക്കും ഇടയിൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കൊലപാതകം, ഗൂഢാലോചന, വിമാനം തകർക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ക്യൂബൻ-അമേരിക്കൻ ഗ്രൂപ്പായ ബ്രദേഴ്സ് ടു ദി റെസ്ക്യുവിന്റെ വിമാനം വെടിവെച്ച് വീഴ്ത്തി മൂന്ന് അമേരിക്കക്കാർ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ റൗൾ കാസ്ട്രോക്കും മറ്റ് അഞ്ച് പേർക്കുമെതിരെയാണ് കുറ്റം ചുമത്തിയത്. സഹോദരനും ക്യൂബൻ വിപ്ലവനായകനുമായ ഫിദൽ കാസ്ട്രോയുടെ മന്ത്രിസഭയിൽ പ്രതിരോധനമന്ത്രിയായിരുന്നു അന്ന് റൗൾ.

യു.എസിലെ മിയാമിയിൽവെച്ച് വിമാന വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും മറ്റ് ഉന്നത നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരും പ്രഖ്യാപനം നടത്തിയത്. അതേസമയം, ആരോപണങ്ങൾ നിയമപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ കുതന്ത്രം ആണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു. ക്യൂബൻ ഭരണത്തിൽ രാഷ്ട്രീയ, സാമ്പത്തിക പരിഷ്‍കാരങ്ങൾ വരുത്താൻ യു.എസ് സമ്മർദ്ദം ചുമത്തുന്നതിനിടെയാണ് ക്യൂബയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിലെ പ്രധാന വ്യക്തിക്കെതിരെ നീതിന്യായ വകുപ്പിന്റെ കുറ്റപത്രം.

ക്യൂബക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും എണ്ണ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ വൈദ്യുതി തടസ്സപ്പെടുകയും ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ നീക്കം ക്യൂബക്കെതിരായ സൈനിക നടപടിക്ക് യു.എസ്. വഴിയൊരുക്കുകയാണോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.

ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ സമാനരീതിയിൽ കുറ്റം ചുമത്തി​യ ശേഷം അദ്ദേഹത്തെ പിടികൂടി യു.എസിലേക്ക് കൊണ്ടുവരാൻ സൈനിക നടപടി നടത്തിയിരുന്നു. നീതിന്യായ വകുപ്പ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിനെ തുടർന്നായിരുന്നു ആ നീക്കം. ഇത് യു.എസുമായുള്ള വെനിസ്വേലയുടെ ബന്ധത്തെ മാറ്റിമറിച്ചു.

അതേസമയം, ക്യൂബയിൽ ഈ നീക്കം ഫലം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഏകദേശം ഒരു ദശാബ്ദം മുമ്പ് കാസ്ട്രോ വിരമിച്ചതിനാൽ വെനിസ്വേലയിലുണ്ടായതുപോലെ ഒരു രാഷ്ട്രീയ അട്ടിമറിക്ക് ക്യൂബയിൽ സാധ്യതയില്ല. ഫിദൽ കാസ്ട്രോയുടെ സഹോദരനായ 95 വയസ്സിനടുത്ത് പ്രായമുള്ള റൗൾ കാസ്ട്രോ ക്യൂബയിൽ ഇപ്പോഴും സ്വാധീനമുള്ള വ്യക്തിയാണ്. ക്യൂബൻ വിപ്ലവത്തിന്റെ നേതാവ് എന്നാണ് റൗളിനെ വിശേഷിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USraul castrocubaMarco RubioUS Secretary of StateDonald Trump
News Summary - Rubio says Cuba is threat to US as Havana accuses him of lies
Next Story