അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യം വെച്ചുവെന്ന ‘കുറ്റ’ത്തിന് നാല് ഐ.സി.സി ജഡ്ജിമാർക്കെതിരെ ഉപരോധവുമായി യു.എസ്
text_fieldsഇന്റർനാഷണൽ ക്രിമിനൽ കോടതി ജസ്റ്റിസുമാരായ ബെറ്റി ഹോഹ്ലർ, റെയ്ൻ അഡലെയ്ഡ് സോഫി അലാപിനി ഗാൻസോ, ലൂസ് ഡെൽ കാർമെൻ ഇബാനെസ് കരാൻസ, സോളോമി ബലുങ്കി ബോസ
വാഷിംങ്ടൺ: അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധമായ നടപടികൾ കൈകൊണ്ടുവെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐ.സി.സി) നാല് ജഡ്ജിമാർക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. വ്യാഴാഴ്ച പ്രസ്താവനയിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉപരോധം പ്രഖ്യാപിച്ചു.
ഉഗാണ്ടയിലെ സോളോമി ബലുങ്കി ബോസ, പെറുവിലെ ലൂസ് ഡെൽ കാർമെൻ ഇബാനെസ് കരാൻസ, ബെനിനിലെ റെയ്ൻ അഡലെയ്ഡ് സോഫി അലാപിനി ഗാൻസോ, സ്ലൊവേനിയയിലെ ബെറ്റി ഹോഹ്ലർ എന്നിവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഐ.സി.സിക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപ് കാബിനറ്റ് ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരുന്നു.
ഉപരോധമേർപ്പെടുത്തിവരിൽ രണ്ടുപേർ നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ അനുമതി നൽകിയവരാണ്. രണ്ടുപേർ അഫ്ഗാനിസ്ഥാനിൽ യു.എസ് ഉദ്യോഗസ്ഥർ നടത്തിയ ദുരുപയോഗങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണത്തിന് അനുമതി നൽകിവരും.
ഐ.സി.സി ജഡ്ജിമാരായ ഈ നാല് വ്യക്തികളും അമേരിക്കയെയോ ഞങ്ങളുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയോ ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ സജീവമായി ഏർപ്പെട്ടതായി റൂബിയോ പറഞ്ഞു.
‘ഐ.സി.സി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ യുനൈറ്റഡ് സ്റ്റേറ്റ്സിലെയും ഞങ്ങളുടെ സഖ്യകക്ഷി രാഷ്ട്രങ്ങളിലെയും പൗരന്മാരെക്കുറിച്ച് അന്വേഷിക്കാനും കുറ്റം ചുമത്താനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള അനിയന്ത്രിതമായ വിവേചനാധികാരം തെറ്റായി അവകാശപ്പെടുന്നു. ഈ അപകടകരമായ വാദവും അധികാര ദുർവിനിയോഗവും അമേരിക്കയുടെയും ഇസ്രായേൽ ഉൾപ്പെടെയുള്ള ഞങ്ങളുടെ സഖ്യകക്ഷികളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലംഘിക്കുന്നു’വെന്നും റൂബിയോ പ്രസ്താവിച്ചു.
നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റുകൾ പിന്തുടരുന്നതിൽ ഐ.സി.സിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. ഇക്കാണത്താൽ ഖാന്റെ ഇ-മെയിലിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഹേഗ് ആസ്ഥാനമായുള്ള കോടതിയിൽ ജോലി ചെയ്യുന്ന അമേരിക്കക്കാർ അമേരിക്കൻ മണ്ണിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് സത്യത്തിനും നീതിക്കും വേണ്ടിയുള്ള മറ്റ് വഴികൾ അടഞ്ഞപ്പോൾ അവർക്ക് തിരിയാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഐ.സി.സി. ഐ.സി.സി ഉദ്യോഗസ്ഥർക്കെതിരായ ഉപരോധങ്ങൾ നിയമവാഴ്ചയോടും അന്താരാഷ്ട്ര നീതിയോടുമുള്ള അമേരിക്കയുടെ പ്രതിബദ്ധതക്കുനേരെയുള്ള വഞ്ചനയാണെന്ന് മുൻ ഐ.സി.സി പ്രോസിക്യൂട്ടറും ‘ഓപ്പൺ സൊസൈറ്റി’യുടെ നീതിന്യായ സംരംഭത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ജെയിംസ് ഗോൾഡ്സ്റ്റൺ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

