ഞങ്ങളുടെ നയം ‘കണ്ണിന് പകരം തല’- ഇറാനെതിരെ മുന്നറിയിപ്പുമായി മാർക്കോ റൂബിയോ
text_fieldsമാർക്കോ റൂബിയോ
വാഷിങ്ടൺ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ‘കണ്ണിന് പകരം കണ്ണ്’ എന്ന നയത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ രംഗത്ത്. ഇറാന്റെ ഇത്തരത്തിലുള്ള ഭീഷണികൾക്കും ആക്രമണങ്ങൾക്കും ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നൽകുന്ന മറുപടി ‘കണ്ണിന് പകരം തല’ എന്ന രീതിയിലായിരിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. തങ്ങൾ നടത്തുന്ന നയങ്ങൾ കാരണം ഇറാൻ വളരെ വലിയ വില നൽകേണ്ടി വരുമെന്നും, നിലവിൽ തന്നെ അവർ വലിയ നഷ്ടങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റൂബിയോ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കപ്പെട്ടതായും, കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നും റൂബിയോ അവകാശപ്പെട്ടു.
ഇത്രയൊക്കെ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും അമേരിക്കയുമായി ഒരു കരാറിലെത്താൻ ഇറാൻ പലരോടും അഭ്യർത്ഥിക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു. വാഷിങ്ടണും തെഹ്‌റാനുമായുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ തയാറുള്ള രാജ്യങ്ങളെ തേടി ഇറാൻ ഇപ്പോൾ അലയുകയാണെന്നും, എന്നാൽ സമീപിക്കാൻ പാകത്തിലുള്ള രാജ്യങ്ങളൊന്നും തന്നെ അവരുടെ മുന്നിൽ ബാക്കിയില്ലെന്നും റൂബിയോ പരിഹസിച്ചു. എങ്കിലും, ഒരു കരാറിന് തയാറാകാൻ ഇറാൻ ഇതുവരെയും മാനസികമായി പക്വത പ്രാപിച്ചിട്ടില്ലെന്നും വൈകാതെ തന്നെ അവർ അതിന് നിർബന്ധിതരാകുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
മനിലയിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കവേ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ഇറാൻ കരാറുകളിൽ ഗൗരവമുള്ളവരല്ലെന്ന് റൂബിയോ ആരോപിച്ചത്. മുൻപും പലതവണയും ഒപ്പുവെച്ച കരാറുകൾ ലംഘിക്കുകയോ അവയിൽ മാറ്റം വരുത്താൻ ശ്രമിക്കുകയോ ചെയ്തവരാണ് ഇറാനിയൻ ഭരണാധികാരികളെന്ന് റൂബിയോ കുറ്റപ്പെടുത്തി. തങ്ങൾ ഉണ്ടാക്കുന്ന കരാറുകൾ പാലിക്കാൻ തയാറാകാത്ത ആളുകളുമായി പുതിയൊരു ധാരണയിലെത്താൻ സാധിക്കില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. രാജ്യത്തെ സിവിലിയൻ സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ‘കണ്ണിന് കണ്ണ്’ എന്ന രീതിയിലാണ് ഇറാന്റെ പ്രതിരോധ നയമെന്നും അരാഗ്ചി അറിയിച്ചിരുന്നു. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ യു.എസ് സഖ്യകക്ഷികളുടെ എണ്ണ വിൽപനയും തടസ്സപ്പെടുത്തുമെന്ന കർശന നിലപാടിലാണ് ഇറാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

