സുഡാനിൽ കൊടുംക്രൂരത തുടർന്ന് ആർ.എസ്.എഫ്; ആയിരങ്ങൾ കൊല്ലപ്പെട്ടു, രണ്ടു വർഷത്തിനിടെ ഭവനരഹിതരായത് ഒരു കോടിയിലധികം പേർ
text_fieldsഖാർത്തും: സുഡാനിലെ എൽ ഫാഷർ നഗരത്തിൽ കൊടുംക്രൂരത. രണ്ട് വർഷത്തിലധികമായി ആഭ്യന്തര കലാപത്തിെന്റ പിടിയിലമർന്ന രാജ്യത്ത് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) സർക്കാർ സേനക്കെതിരെ നടത്തുന്ന നടത്തുന്ന മുന്നേറ്റമാണ് പുതിയ രക്തച്ചൊരിച്ചിലിലേക്ക് നയിച്ചത്. രാജ്യത്തിെന്റ പകുതി ഭാഗവും ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ്.
കഴിഞ്ഞയാഴ്ച സർക്കാർ സേനയിൽനിന്ന് വടക്കൻ ഡാർഫറിെന്റ തലസ്ഥാനമായ എൽ ഫാഷർ നഗരം ആർ.എസ്.എഫ് പിടിച്ചെടുത്തതോടെയാണ് കലാപം രൂക്ഷമായത്. ഡാർഫറിൽ സർക്കാർ സേനയുടെ അവസാന ശക്തികേന്ദ്രമായിരുന്ന ഈ നഗരത്തിൽനിന്ന് 60,000 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. അവശേഷിക്കുന്ന രണ്ട് ലക്ഷം പേർ ആർ.എസ്.എഫിെന്റ തടവിലാണ്. 2000ഓളം പേർ ഇവിടെ കൊല്ലപ്പെട്ടതായാണ് സുഡാൻ സർക്കാർ പറയുന്നത്. എന്നാൽ, യഥാർഥ മരണസംഖ്യ ഇതിലുമേറെയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒക്ടോബർ 26ന് ആർ.എസ്.എഫ്, എൽ ഫാഷറിെന്റ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ 70,000ഓളം പേരാണ് നഗരത്തിൽനിന്ന് രക്ഷപ്പെട്ടത്. എന്നാൽ, ഇവരിൽ 10,000 പേർ മാത്രമാണ് അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിൽ എത്തിയത്. ബാക്കിയുള്ളവരെ ആർ.എസ്.എഫ് ബന്ദികളാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തുവെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ ആശങ്കപ്പെടുന്നത്.കൂട്ടക്കൊലപാതകം, കൊടിയ മർദനം, ബലാത്സംഗം, പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ അരങ്ങേറുന്നതായി രക്ഷപ്പെട്ടവർ പറഞ്ഞു. എൽ ഫാഷറിൽ പട്ടിണി സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര പട്ടിണി നിരീക്ഷണ ഏജൻസിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) അറിയിച്ചു.
നേരത്തെ സർക്കാർ സേനയെ സഹായിക്കാൻ രൂപവത്കരിച്ച അർധ സൈനിക വിഭാഗമാണ് ആർ.എസ്.എഫ്. ഇവർ പിന്നീട് സർക്കാരിനെതിരെ തിരിയുകയായിരുന്നു. രണ്ട് വർഷത്തെ യുദ്ധത്തിൽ 40,000ഓളം പേർ മരിച്ചതായും ഒരു കോടിയിലധികം പേർ ഭവനരഹിതരായതായും ഐക്യ രാഷ്ട്ര സഭ പറയുന്നു. വടക്കൻ കൊർദോഫൻ സംസ്ഥാനത്തിെന്റ തലസ്ഥാനമായ എൽ ഒബേദും പിടിച്ചെടുക്കുമെന്നാണ് ആർ.എസ്.എഫിെന്റ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

