അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന് ഗസ്സയിൽ 2,350 രൂപ! ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിനിടെ കരിഞ്ചന്തയിലെ കൊള്ള
text_fieldsഗസ്സ സിറ്റി: ഇന്ത്യക്കാർക്ക് സുപരിചിതമായ ബിസ്കറ്റാണ് പാർലെ-ജി. കുറഞ്ഞ വിലയിൽ ലഭിക്കുന്ന പാർലെ-ജി ബിസ്കറ്റ് ഇന്നത്തെ യുവതലമുറയിൽ പെട്ട മിക്കവർക്കും കുട്ടിക്കാലത്തെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്. ഇപ്പോഴും കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന ബിസ്കറ്റുകളിൽ മുൻപന്തിയിലാണ് പാർലെ-ജി. എന്നാൽ യുദ്ധത്തെ തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ ഗസ്സയിൽ ഇതേ ബിസ്കറ്റിന് 500 ഇരട്ടിയോളം വിലയാണ് ആവശ്യക്കാർ നൽകേണ്ടിവരുന്നത്!
അടുത്തിടെ ഗസ്സയിൽനിന്ന് ഒരാൾ എക്സിൽ പോസ്റ്റുചെയ്ത കുറിപ്പിലാണ് പാർലെ-ജിക്കായി വൻ തുക മുടക്കേണ്ടിവരുന്നതായി വ്യക്തമാക്കുന്നത്. 24 യൂറോയാണ് (ഇന്ത്യൻ രൂപ ഏകദേശം 2350) ഇന്ത്യയിൽ അഞ്ച് രൂപക്ക് വിൽക്കുന്ന ബിസ്കറ്റിന് ഗസ്സയിൽ നൽകേണ്ടിവരുന്നത്. ഇന്ത്യയിൽ തുച്ഛമായ വിലക്ക് ലഭിക്കുന്ന ബിസ്കറ്റിന് ഗസ്സയിൽ ഈടാക്കുന്ന വില കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.
“ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്കറ്റ് നൽകാൻ ഇന്ന് എനിക്ക് സാധിച്ചു. വില 1.5 യൂറോയിൽനിന്ന് 24 യൂറോയായി ഉയർന്നെങ്കിലും റഫിഫിന്‍റെ പ്രിയപ്പെട്ട വിഭവം ഞാൻ നിഷേധിച്ചിട്ടില്ല” -എന്നിങ്ങനെയാണ് എക്സിലെ കുറിപ്പ്. പോസ്റ്റിൽ ചിത്രവും വിഡിയോയും നൽകിയിട്ടുണ്ട്.
2023 ഒക്ടോബറിൽ ഇസ്രായേൽ സേന ഗസ്സയിൽ ആക്രമണം രൂക്ഷമാക്കിയതോടെയാണ് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. മാനുഷിക സഹായങ്ങളുമായെത്തുന്ന ഏതാനും ട്രക്കുകളിൽ മാത്രമാണ് നിലവിൽ ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ എത്തുന്നത്. എന്നാൽ ഇതുപോലും അർഹിച്ചവർക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സൗജന്യമായി നൽകേണ്ട ഭക്ഷ്യവസ്തുക്കളിൽ വലിയൊരളവോളം കരിഞ്ചന്തയിലെത്തുകയും വൻ തുകക്ക് മറിച്ച് വിൽക്കുകയുമാണെന്ന് ഗസ്സയിലെ ആരോഗ്യപ്രവർത്തകനായ ഡോ. ഖാലിദ് അൽശവ്വയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ എല്ലായിടത്തും ഇത്രയും ഭീമമായ തുക നൽകേണ്ടതില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വൻതുകക്ക് വാങ്ങിയ പാർലെ-ജി ബിസ്കറ്റ് പാക്കറ്റിൽ ‘എക്സ്പോർട്ട് പാക്ക്’ എന്ന ലേബലുണ്ടെങ്കിലും വില എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
മൂന്ന് മാസമായി അതിർത്തികൾ അടച്ചിരിക്കുകയാണ്. അവശ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിൽ എത്തുന്നത്. 20 ലക്ഷം പേരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണത്. ആർക്കെങ്കിലും എന്തെങ്കിലും എത്തിക്കുമ്പോൾ കൊള്ള നടക്കുകയും വലിയ വിലക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ ചർച്ചയാരുന്ന പാർലെ-ജി പാക്കറ്റ് പല കൈ മറിഞ്ഞാകാം ഉപയോക്താവിന്‍റെ കൈകളിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷാമം രൂക്ഷമായതോടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ഭക്ഷ്യവിഭവങ്ങളുടെ വില വടക്കൻ ഗസ്സയിൽ വൻതോതിലാണ് ഉയർന്നത്. റിപ്പോർട്ട് പ്രകാരം പഞ്ചസാര (കിലോ 4914 രൂപ), പാചക എണ്ണ (ലിറ്ററിന് 4177 രൂപ), ഉരുളക്കിഴങ്ങ് (കിലോ 1965 രൂപ), സവാള (കിലോ 4423 രൂപ) എന്നിവയുടെയെല്ലാം വില കുത്തനെ ഉയർന്നിരിക്കുകയാണ്. പ്രാദേശിക കറൻസിയായ ഇസ്രായേലി ഷെകേലിലാണ് ഗസ്സയിൽ വ്യാപാരം നടക്കുന്നത്. ഒരു ഷെകേലിന് ഇന്ത്യൻ രൂപ 24.55 ആണ് വെള്ളിയാഴ്ചത്തെ മൂല്യം.
അതേസമയം ഗസ്സയിലെ എല്ലാ സഹായ വിതരണ കേന്ദ്രങ്ങളും വീണ്ടും അടച്ചുപൂട്ടുന്നതായും ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറക്കില്ലെന്നും ഇസ്രായേലിന്റെയും യു.എസിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു. പട്ടിണിയിൽ വലഞ്ഞ് ഭക്ഷണത്തിനായി കാത്തു കിടക്കുന്ന ജനതയോട് സുരക്ഷക്കായി ഈ സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അവർ പറഞ്ഞു. മുസ്‍ലിംകളുടെ ആഘോഷ ദിനമായ ഈദുൽ അദ്ഹയുടെ ദിനത്തിലാണ് ഏറ്റവും പുതിയ അടച്ചുപൂട്ടൽ അറിയിപ്പ്.
സഹായ കേന്ദ്രങ്ങൾക്കു സമീപമുണ്ടായ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ അവർ സഹായ വിതരണം നിർത്തിവെച്ചിരുന്നു. എന്നാൽ, റഫ പ്രദേശത്തെ രണ്ടിടത്ത് ഇന്നലെ വീണ്ടും തുറന്നു. അവിടെ 25,000 പെട്ടിയോളം ഭക്ഷണം വിതരണം ചെയ്തതായി ജി.എച്ച്.എഫ് അറിയിച്ചു. ഇനിയതും ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

