ഇന്ത്യ ഡേ പരേഡ്: വി.എച്ച്.പിയുടെ രാമക്ഷേത്ര ഫ്ലോട്ടിനെതിരെ യു.എസിൽ പ്രതിഷേധം
text_fieldsവാഷിങ്ടൺ: യു.എസിലെ ഇന്ത്യ ഡേ പരേഡിനോട് അനുബന്ധിച്ച് രാമക്ഷേത്രത്തിന്റെ ഫ്ലോട്ട് ഉൾപ്പെടുത്താനുള്ള നീക്കം വിവാദത്തിൽ. ഫ്ലോട്ട് മുസ്‍ലിം വിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഫ്ലോട്ട് പരിപാടിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില സംഘടനകൾ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസിന് കത്തയച്ചിട്ടുണ്ട്. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിനും ഇവർ ഇക്കാര്യമാവശ്യപ്പെട്ട് കത്തയച്ചു. പള്ളി തകർത്തതിനെ മഹത്വവൽക്കരിക്കാനാണ് ഫ്ലോട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടുന്നു.
കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‍ലാമിക് റിലേഷൻസ്, ഇന്ത്യൻ അമേരിക്കൻ മുസ്‍ലിം കൗൺസിൽ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നീ സംഘടനകളുടെ പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ട കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഫ്ലോട്ടിലൂടെ ഹിന്ദുപ്രത്യയശാസ്ത്രത്തെ ഇന്ത്യൻ ദേശീയതയുമായി കൂട്ടിയിണക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കൻ വിഭാഗമാണ് രാമക്ഷേത്രത്തിന്റെ ഫ്ലോട്ടുമായി രംഗത്തുള്ളത്. ഹിന്ദുക്ഷേത്രത്തെ പ്ലോട്ടിൽ ഉൾപ്പെടുത്തിയത് വഴി ഹിന്ദു ദേവനെ മഹത്വവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും വിശ്വഹിന്ദു പരിഷത് പറയുന്നു. അതേസമയം, ഫ്ലോട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

