ബൈഡനുള്ള സന്ദേശമോ? പോളണ്ട് സന്ദർശനത്തിനിടെ യുക്രെയ്ൻ നഗരത്തിൽ റഷ്യൻ മിസൈലാക്രമണം
text_fieldsകിയവ്: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പോളണ്ട് സന്ദർശിക്കുന്നതിനിടെ യുക്രെയ്നിയൻ നഗരമായ ലവിവിൽ മിസൈലാക്രമണം നടത്തി റഷ്യ. യു.എസ് പ്രസിഡന്‍റിനുള്ള സന്ദേശമെന്ന് വിലയിരുത്തപ്പെടുന്ന ആക്രമണത്തിൽ നാല് മിസൈലുകളാണ് നഗരത്തിൽ പതിച്ചത്. പോളണ്ട് തലസ്ഥാനമായ വാഴ്സയിൽ നിന്ന് 400 കി.മീ മാത്രം അകലെയുള്ള പടിഞ്ഞാറൻ യുക്രെയ്നിയൻ നഗരമാണ് ലവിവ്.
ലവിവിലെ ഇന്ധന ഡിപ്പോക്ക് നേരെയാണ് ആദ്യം മിസൈലാക്രമണമുണ്ടായത്. രണ്ട് റോക്കറ്റുകൾ ഇവിടെ പതിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പിന്നാലെ ഒരു മിലിട്ടറി ഫാക്ടറിക്ക് നേരെയും രണ്ട് മിസൈലുകൾ പതിച്ചു. ഇവിടെ രണ്ട് പേർക്ക് പരിക്കേറ്റു.
പോളണ്ടിലെത്തിയ ബൈഡനെ വരവേറ്റുകൊണ്ടാണ് റഷ്യ മിസൈലാക്രമണം നടത്തിയിരിക്കുന്നതെന്ന് ലവിവ് മേയർ ആൻഡ്രി സദോവിയ് പറഞ്ഞു.
അതിനിടെ, വാഴ്സയിൽ നടത്തിയ പ്രസംഗത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ ബൈഡൻ 'കശാപ്പുകാരൻ' എന്നാണ് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് യുക്രെയ്ൻ ജനങ്ങളുടെ മരണത്തിനിടയാക്കിയ അധിനിവേശത്തിന് ഉത്തരവിട്ട പുടിൻ കശാപ്പുകാരനാണ്. പുടിൻ അധികാരത്തിൽ തുടരരുതെന്ന് പറഞ്ഞ ബൈഡൻ യുക്രെയ്ന് എല്ലാ സുരക്ഷാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
പുടിൻ അധികാരത്തിൽ തുടരരുതെന്ന ബൈഡന്‍റെ പ്രസ്താവനക്കെതിരെ റഷ്യ രൂക്ഷമായി പ്രതികരിച്ചു. ഇതോടെ, റഷ്യയിൽ ഭരണമാറ്റം വേണമെന്ന് ആഹ്വാനം ചെയ്തതല്ലെന്നും അയൽരാജ്യങ്ങളുടെ മേൽ അധികാരപ്രയോഗം പാടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ബൈഡൻ ചെയ്തതെന്നും വിശദീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

