അമേരിക്കയിൽ കേരള രാഷ്ട്രീയം ഹിറ്റ്, കെ.എം മാണി മുതൽ ടി.എം. ജേക്കബ് വരെ മാതൃക, മിസ്സൗറിയിൽ ഹാട്രിക് നേട്ടത്തിൽ റോബിൻ ഇലക്കാട്ട്
text_fieldsറോബിൻ ജെ. ഇലക്കാട്ട്
ടെക്സസ്: യു.എസിൽ കേരള രാഷ്ട്രീയ മാതൃക ഹിറ്റെന്ന് മിസ്സൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ വിജയരഹസ്യം വെളിപ്പെടുത്തിയത്. ‘സാധാരണയായി യു.എസിൽ ടി.വി പരസ്യവും സമൂഹമാധ്യമങ്ങൾ വഴിയുമൊക്കെയാണ് വോട്ടുചോദിക്കുക. നാട്ടിലെപ്പോലെ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് വോട്ടുചോദിക്കുന്ന രീതിയാണ് സ്വീകരിച്ചത്. കെ.എം. മാണിയും ടി.എം. ജേക്കബുമൊക്കെ മാതൃകയായി,’ റോബിൻ ഇലക്കാട്ട് പറഞ്ഞു.
കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൻ ഇലക്കാട്ട്. മിസൗറി സിറ്റി മേയർ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ഹാട്രിക് നേട്ടവും റോബിന് സ്വന്തം. 55 ശതമാനം വോട്ട് നേടിയായിരുന്നു ഇക്കുറി വിജയം. എതിർ സ്ഥാനാർഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു. നവംബർ നാലിന് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയമാണ് അദ്ദേഹം നേടിയത്. രണ്ട് ടേമിലായി മിസോറി സിറ്റിയുടെ മുഖഛായ മാറ്റിയ റോബിൻ ഇലക്കാട്ടിനു ഈ വിജയം പ്രതീക്ഷിച്ചിരുന്നു.
ഇനിയുള്ള പ്രവർത്തനങ്ങൾ മുൻ കാല വികസനത്തിന്റെ ബാക്കിയാണെന്ന് റോബിൻ അടിവരയിടുന്നു. അമേരിക്കയിലെ ഏറ്റവും നല്ല നഗരമായി മിസോറിയെ വളർത്തിയെടുക്കുവാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു. കോട്ടയത്ത് എം.ടി സെമിനാരിയിൽ നാലാംതരം പൂർത്തിയാക്കിയതിന് പിന്നാലെ 1983ലാണ് യു.എസിലെത്തിയത്. ആളുകളുമായി നേരിട്ട് ഇടപഴകുന്ന പ്രവർത്തനരീതിയാണ് രാഷ്ട്രീയത്തിൽ ഏറെ ഗുണയായതെന്നും റോബിൻ ഇലക്കാട്ട് പറയുന്നു. മലയാളികളുടെ പ്രാതിനിധ്യം ഏറെയുള്ള പ്രദേശത്ത് നല്ല പിന്തുണയുണ്ടായിരുന്നു. മുമ്പ് തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇന്ത്യൻ സമൂഹം ഇപ്പോൾ സജീവമാണ്. ഇപ്പോൾ നാട്ടിലെ അതേ വീറും വാശിയും കാണാം. അടുത്ത ഒരു പതിറ്റാണ്ടിൽ കൂടുതൽ ഇന്ത്യക്കാർ സമാനമായ പദവികളിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും റോബിൻ ഇലക്കാട്ട് പറഞ്ഞു.
അഗ്നിരക്ഷ സേന, പൊലീസ് എന്നിവയടക്കം വകുപ്പുകൾ മേയറുടെ കീഴിലാണ്. നഗരപരിപാലനത്തിനൊപ്പം ഈ പ്രവർത്തനങ്ങളും നിയന്ത്രിച്ച് മുന്നോട്ടുപോവുകയാണ് ദൗത്യം. ഒരിക്കൽ തങ്ങളെക്കൊണ്ട് പിടിച്ചാൽ കിട്ടില്ലെന്ന് പറഞ്ഞ് മലയാളികളടക്കം ഇന്ത്യക്കാർ വിട്ടുനിന്നിരുന്ന നിയമപാലനമടക്കം മേഖലകളിൽ കരുത്ത് തെളിയിക്കുന്നതാണ് കാണാനാവുക. ടെക്സസിൽ മാത്രം ഇന്ത്യൻ വംശജരായ നാലോളം ജുഡീഷ്യൽ ജഡ്ജിമാരുണ്ട്.
‘എന്റെ മൂന്നാമത്തെ വിജയമാണിത്. സമാനമായി നിരവധി ആളുകൾ മുന്നോട്ടുവരുന്നുണ്ട്. അടുത്ത പത്തുവർഷത്തിൽ ഇന്ത്യൻ സമൂഹം യു.എസിൽ കൂടുതൽ അധികാര സ്ഥാനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ. മുമ്പ് തിരുവനന്തപുരത്ത് നിയമസഭയിലും ഡൽഹയിലും വന്നിട്ടുണ്ട്. എന്റെ മണ്ഡലം നാട്ടിൽ കടുത്തുരുത്തിയാണ്. അവിടുത്തെ മോൻസ് ജോസഫ് എം.എൽ.എ, ജോസ് കെ മാണി, ചാണ്ടി ഉമ്മൻ, റോഷി അഗസ്റ്റിൻ എന്നവരൊക്കെ വിളിച്ചിരുന്നു. ജനുവരിയിൽ രണ്ടാഴ്ച നാട്ടിൽ വരുന്നുണ്ട്. എല്ലാവരെയും കാണാമെന്നാണ് പ്രതീക്ഷ,’-റോബിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

