സുഡാനിൽ 24 മണിക്കൂർ വെടിനിർത്തൽ മരണം 185 കവിഞ്ഞു
text_fieldsഖർത്തൂം: മൂന്നുദിവസമായി സൈന്യവും അർധസൈനിക വിഭാഗവും ഏറ്റുമുട്ടുന്ന സുഡാനിൽ 24 മണിക്കൂർ വെടിനിർത്തലിന് ധാരണ. ചൊവ്വാഴ്ച വൈകീട്ട് ആറുമുതലാണ് വെടിനിർത്തൽ. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്‍റെ ഭാഗമായാണ് വെടിനിർത്തിയത്. ഇത് പ്രാബല്യത്തിലാകുന്നതിന്റെ തൊട്ടുമുമ്പത്തെ മണിക്കൂറിൽ ഇരുപക്ഷവും വൻ ആക്രമണം നടത്തി.
അതിനിടെ രാജ്യത്തെ മാനുഷിക സാഹചര്യം വളരെ മോശമാണെന്ന് റെഡ് ക്രോസ് അറിയിച്ചു. വെള്ളവും വൈദ്യുതിയുമില്ലാതെ ജനം ദുരിതത്തിലാണ്. തലസ്ഥാനമായ ഖർത്തൂമിന്‍റെ വടക്ക്, തെക്കൻ ഭാഗങ്ങളിൽ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. 185ലധികം പേർ കൊല്ലപ്പെട്ടതായും 1800ലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗവും സാധാരണക്കാരാണ്. വിമാനത്താവളം പിടിച്ചടക്കാൻ ഇരുപക്ഷവും പോരാട്ടത്തിലാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച പ്രസിഡന്റ് ഉമർ അൽബഷീർ 2019ൽ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘർഷം ആരംഭിക്കുന്നത്. അന്ന് രാജ്യത്തെ തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കാന്‍ സിവിലിയന്‍, സൈനിക പ്രാതിനിധ്യമുള്ള പരമാധികാര കൗണ്‍സിലും രൂപവത്കരിച്ചു. 2023ഓടെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനായിരുന്നു ധാരണ. ഈ കരാർ 2021ലെ സൈനിക അട്ടിമറിയിലൂടെ തകർക്കപ്പെട്ടു. തുടർന്ന് ഭരണം പൂർണമായും സൈന്യത്തിന്റെയും ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെയും കൈയിലൊതുങ്ങി.
പാരാമിലിട്ടറി വിഭാഗത്തിന്റെകൂടി നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ നീക്കമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം.