വർധിച്ചുവരുന്ന ജീവിതച്ചെലവ്: ഫ്രാൻസിന് പിന്നാലെ ഇറ്റലിയിലും ജനരോഷം ഇരമ്പുന്നു; നഗരങ്ങളെ യുദ്ധക്കളമാക്കരുതെന്ന് മെലോണി
text_fieldsറോം: വർധിച്ചുവരുന്ന ജീവിതച്ചെലവിനും പൊതുസേവനങ്ങളുടെ തകർച്ചയ്ക്കുമെതിരെ ഇറ്റലിയിൽ പ്രതിഷേധം ശക്തമാകുന്നു. മിലാൻ, ബൊളോണ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. മിലാനിലെ പ്രശസ്തമായ ഗോഥിക് കത്തീഡ്രൽ ചതുരത്തിൽ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ബൊളോണ നഗരത്തിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് ജലപീരങ്കി ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഇവിടെനിന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിലാനിലെ പ്രമുഖ ആഡംബര ഷോപ്പിംഗ് കേന്ദ്രമായ 'ഗലേറിയ വിറ്റോറിയോ എമ്മാനുവൽ രണ്ടാമൻ' പരിസരത്ത് മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കലാപവിരുദ്ധ പൊലീസ് ബലപ്രയോഗം നടത്തി. അക്രമ സംഭവങ്ങളെ തുടർന്ന് പ്രദേശത്തെ കടകമ്പോളങ്ങൾ അടയ്ക്കുകയും വിനോദസഞ്ചാരികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു. മിലാൻ സെൻട്രൽ ഡ്യുമോ മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചുപൂട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ അമർഷം രേഖപ്പെടുത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, നഗരങ്ങളെ യുദ്ധക്കളമാക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. "പ്രതിഷേധിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്. എന്നാൽ നമ്മുടെ നഗരങ്ങളെ യുദ്ധക്കളങ്ങളാക്കി മാറ്റുന്നത് അംഗീകരിക്കാനാകില്ല," എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മെലോണി കുറിച്ചു. വരുന്ന വർഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ മെലോണി സർക്കാരിന് ജനകീയ പ്രക്ഷോഭം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അയൽരാജ്യമായ ഫ്രാൻസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇറ്റലിയിലും പ്രതിഷേധങ്ങൾ അക്രമാസക്തമായിരിക്കുന്നത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം യൂറോപ്പിലുടനീളം ജനരോഷം വധിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ സംഭവവികാസങ്ങളെ നിരീക്ഷകർ കാണുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

