സുനക്കിന് തിരിച്ചടി; ആദ്യ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ജയം
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് സ്ഥാനമേറ്റശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ലേബർ പാർട്ടിക്ക് വൻ ജയം.
അഴിമതി ആരോപണത്തെത്തുടർന്ന് കൺസർവേറ്റിവ് പാർട്ടി എം.പി രാജിവെച്ചതിനെത്തുടർന്നാണ് വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലേബർ പാർട്ടിയുടെ സാമന്ത ഡിക്സൺ കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥിയെക്കാൾ 17,309 വോട്ട് അധികം നേടി. 61 ശതമാനം വോട്ട് വിഹിതം ഇവിടെ ലേബർ പാർട്ടിക്ക് ലഭിച്ചു.
ലേബർ പാർട്ടിയുടെ വിജയം ഋഷി സുനക്കിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കൺസർവേറ്റിവ് സർക്കാറിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.1832ന് ശേഷം ചെസ്റ്ററിൽ കൺസർവേറ്റിവുകളുടെ ഏറ്റവും മോശം പ്രകടനമാണിത്.
പാർട്ടിക്ക് 22.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പാർട്ടിഗേറ്റ് അഴിമതിയുടെ പശ്ചാത്തലത്തിൽ ബോറിസ് ജോൺസൺ രാജിവെക്കുകയും അദ്ദേഹത്തിന്റെ പിൻഗാമി ലിസ് ട്രസ് നികുതി ഇളവ് പ്രഖ്യാപിച്ച മിനി ബജറ്റ് മൂലമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് രാജിവെക്കുകയും ചെയ്തശേഷം നടന്ന ആദ്യ ഉപ തെരഞ്ഞെടുപ്പായിരുന്നിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

