Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് സൈനികരുടെ...

യു.എസ് സൈനികരുടെ ഫോണുകൾ ഹാക്ക് ചെയ്ത് ഇറാൻ വിവരങ്ങൾ ചോർത്തിയതായി വെളിപ്പെടുത്തൽ

text_fields
bookmark_border
യു.എസ് സൈനികരുടെ ഫോണുകൾ ഹാക്ക് ചെയ്ത് ഇറാൻ വിവരങ്ങൾ ചോർത്തിയതായി വെളിപ്പെടുത്തൽ
cancel

വാഷിങ്ടൺ: യു.എസ് സൈനികരുടെ ഫോണുകൾ ഹാക്ക് ചെയ്ത് അവരുടെ യാത്രാവിവരങ്ങളും തത്സമയ ലൊക്കേഷനും ഇറാൻ ചോർത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സൈനികർ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലെ റോമിങ് സംവിധാനങ്ങളും പരസ്യങ്ങൾക്കായി വിവരങ്ങൾ ശേഖരിക്കുന്ന 'ആഡ് ടെക്' സാങ്കേതികവിദ്യയും ഹാക്ക് ചെയ്താണ് ഇറാൻ നിർണായക വിവരങ്ങൾ കൈക്കലാക്കിയത്. കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിൽ യു.എസ് സൈനികരും കരാറുകാരും താമസിച്ചിരുന്ന ഹോട്ടലുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ ഫോൺ വിവരങ്ങൾ ചോർത്തൽ നിർണായക പങ്കുവഹിച്ചതായാണ് സംശയിക്കുന്നത്. യു.എസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനമായ ബഹ്‌റൈനിലെ മനാമ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെ നടന്ന മിസൈൽ ആക്രമണം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാഖിലെ കുർദിസ്ഥാനിൽ യുഎസ് ഉദ്യോഗസ്ഥർ താമസിച്ച ഹോട്ടലുകൾ കണ്ടെത്താനായി, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പരസ്യ ഡാറ്റാബേസുകൾ ഇറാൻ ഉപയോഗിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.

മൊബൈൽ ഫോണുകൾ സ്വന്തം ഹോം നെറ്റ്‌വർക്കിന് പുറത്തുപോകുമ്പോൾ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ‘സിഗ്‌നലിങ് സിസ്റ്റം നമ്പർ 7′ എന്ന കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോൾ വഴിയാണ് ഇറാൻ ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്. ഇറാന്റെ ടെലകോം ഓപ്പറേറ്റർമാർ ഇതിലേക്ക് നിരന്തരമായി ലൊക്കേഷൻ അഭ്യർത്ഥനകൾ അയച്ചാണ് വിവരങ്ങൾ കൈക്കലാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ ലോക്കൽ സിം കാർഡുകളാണ് യു.എസ് സൈനികർ ഉപയോഗിച്ചിരുന്നത്. ഇത് ഹാക്കർമാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. സ്വന്തം രാജ്യത്തിന് പുറത്ത് റോമിങ്ങിൽ കഴിയുന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ മൊബൈൽ ശൃംഖലകളിലെ സുരക്ഷാ പാളിച്ചകൾ ഇറാൻ മുതലെടുത്തതായി സൈബർ സുരക്ഷാ വിദഗ്ദ്ധരും വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈൽ ശൃംഖലകൾ വഴി യു.എസ് സൈനികരുടെ തത്സമയ ലൊക്കേഷൻ വിവരങ്ങൾ നിരന്തരമായി ശേഖരിക്കാൻ ഇറാന് ശേഷിയുണ്ടെന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ലെന്ന് സിറ്റിസൺ ലാബ് സീനിയർ ഫെലോ ഗാരി മില്ലർ വ്യക്തമാക്കി. അതേസമയം, യു.എസ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് പരസ്യദാതാക്കൾ വിൽക്കുന്നത് തടയാൻ കർശനമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യു.എസ് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി അംഗം പാറ്റ് ഹാരിഗൻ പറഞ്ഞു. ഇത് തടഞ്ഞില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ഫോൺ വിവരങ്ങൾ ചോർന്നതാണ് ആക്രമണങ്ങൾക്ക് പ്രധാന കാരണമെന്ന വാദം യു.എസ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പശ്ചിമേഷ്യയിലെ കടുത്ത യുദ്ധസാഹചര്യത്തിൽ അതീവ സുരക്ഷാ കാരണങ്ങളാൽ സൈനികരുടെ ലൊക്കേഷൻ വിവരങ്ങൾ പൂർണ്ണമായി സംരക്ഷിക്കാനുള്ള ഡിജിറ്റൽ പ്രതിരോധം ശക്തമാക്കിയതായും യു.എസ് സൈന്യം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackinformationPhone LeaktrumbIran US
News Summary - Revelation that Iran hacked US soldiers' phones and stole information.
Next Story