വെടിനിർത്തലിന് പിന്നാലെ ഈജിപ്ത് സഹായ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചുതുടങ്ങി
text_fieldsഗസ്സ സിറ്റി: നാല് ദിവസത്തെ താൽകാലി വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിർത്തി കടന്ന ട്രക്കുകൾ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്സ് ടി.വി റിപ്പോർട്ട് ചെയ്തു. 'മനുഷ്യത്വത്തിനായി ഒരുമിച്ച്', 'ഗസ്സയിലെ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി' എന്നിങ്ങനെ ബാനറുകളെഴുതി രണ്ട് സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടുട്രക്കുകളാണ് ഗസ്സയിലേക്ക് നീങ്ങിയത്.
ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുൾപ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗസ്സയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇന്ധനക്ഷാമമാണ് പ്രധാന വെല്ലുവിളികളിലൊന്ന്. ഫലസ്തീൻ പെട്രോളിയം പബ്ലിക് കമീഷന്റെ കണക്ക് പ്രകാരം ഗസ്സ മുനമ്പിന് പ്രതിമാസം 12 മില്യൺ ലിറ്റർ ഡീസൽ വേണം. ഇതിനൊപ്പം ഗസ്സയിലെ പവർ പ്ലാന്റുകൾക്കും ആശുപത്രികൾക്കുമായും വേറെ ഇന്ധനവും വേണം.
ഫലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് താൽകാല വിരാമം നൽകി നാല് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതലാണ് പ്രാബല്യത്തിലായത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കുമെന്ന് മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളിൽ കരാർ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.
ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

