ഇസ്രായേൽ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഐ.ഡി.എഫ്
text_fieldsജറുസലം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ലഫ്റ്റനന്‍റ് ജനറൽ ഹെർസി ഹലേവി. നാല് ഇസ്രയേൽ വനിത സൈനികരെ ഹമാസ് മോചിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഐ.ഡി.എഫ് മേധാവി.
ഹമാസിന്‍റെ പിടിയിലുള്ള പൗരന്മാരും സൈനികരും അടക്കമുള്ള മുഴുവൻ ബന്ദികളെയും തിരികെ എത്തിക്കാൻ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും ഐ.ഡി.എഫ് മേധാവി ചൂണ്ടിക്കാട്ടി.
ഇസ്രായേൽ-ഗസ്സ സമാധാന കരാറിന്‍റെ ഭാഗമായി ഇതുവരെ ഏഴു പേരെയാണ് ഹമാസ് കൈമാറിയത്. ആദ്യ ഘട്ടത്തിൽ മൂന്നു പേരെയും രണ്ടാം ഘട്ടത്തിൽ ഇസ്രായേൽ സൈനികരായ നാലു വനിതകളെയുമാണ് മോചിപ്പിച്ചത്.
ആദ്യഘട്ടമായി 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ചിരുന്നു. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്.
രണ്ടാംഘട്ടത്തിൽ വനിത സൈനികരായ കരീന അറീവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെയാണ് ഗസ്സസിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ വച്ച് റെഡ്ക്രോസിന് ഹമാസ് കൈമാറിയത്. പകരമായി 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.
ഗസ്സയിൽ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ഇസ്രായേൽ ബന്ദികളെ കൈമാറുന്നത്.
യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് 15 മാസം നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

