ചാർളി കിർക്കിന്റെ കൊലപാതകം രാജ്യത്തെ ഭിന്നിപ്പിക്കാനുമുള്ള അവസരമാക്കി റിപ്പബ്ലിക്കൻ അണികളും നേതാക്കളും
text_fieldsവാഷിങ്ടൺ: യു.എസിൽ ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകം തീവ്രവലതുപക്ഷ നയങ്ങൾ അടിച്ചേൽപിക്കാനും രാജ്യത്തെ ഭിന്നിപ്പിക്കാനുമുള്ള അവസരമാക്കി മാറ്റി റിപ്പബ്ലിക്കൻ അണികളും നേതാക്കളും. രാജ്യത്ത് ദശലക്ഷക്കണക്കിന് അനുയായികളും അതിലേറെ വിമർശകരുമുള്ള കിർക്കിന്റെ വധം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കൾ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. എന്നാൽ, മുമ്പും വിമർശിക്കാറുള്ളവർ വധത്തിനുശേഷവും കിർക്കിനെ പരിഹസിച്ചും ആഘോഷിച്ചും സമൂഹമാധ്യമങ്ങളിലെത്തി. ഇവരെയാണ് റിപ്പബ്ലിക്കന്മാർ വേട്ടയാടുന്നത്.
ഇതിന്റെ പേരിൽ രാജ്യത്ത് വ്യാപകമായി തൊഴിലിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെ നടപടികളുണ്ടാകുന്നതായാണ് റിപ്പോർട്ട്. കൊലപാതകം സംബന്ധിച്ച് ഓൺലൈനിൽ ഇടപെട്ടതിന്റെ പേരിൽ ചുരുങ്ങിയത് 15 പേരെ പിരിച്ചുവിടുകയോ സസ്പെൻഷൻ നേരിടുകയോ ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകർ, അക്കാദമിക മേഖലയിലുള്ളവർ, അധ്യാപകർ എന്നിങ്ങനെ ജോലി നഷ്ടമായവർ എല്ലാ മേഖലയിൽനിന്നുള്ളവരുമുണ്ട്.
ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് സമൂഹമാധ്യമങ്ങളിൽ കൂട്ടായ കാമ്പയിനുകളും സജീവമാണ്. പുറത്താക്കാനാവശ്യപ്പെട്ട് സമ്മർദവുമായി ഇറങ്ങിയവരുമുണ്ട്. അമേരിക്കയിൽനിന്ന് നാടുകടത്താനും ഇവർക്ക് മാത്രം സമ്പൂർണ സമൂഹമാധ്യമ വിലക്കേർപ്പെടുത്താനും ആവശ്യപ്പെട്ടുള്ള നീക്കങ്ങളും സജീവം. ‘‘ഇനിയും മരണം ആഘോഷമാക്കാനാണ് ഭാവമെങ്കിൽ നിങ്ങളുടെ എല്ലാ തൊഴിൽ സ്വപ്നങ്ങളും അവസാനിച്ചുവെന്ന് തിരിച്ചറിഞ്ഞോളൂ’- എന്നാണ് തീവ്ര വലതുപക്ഷ നേതാവ് ലോറ ലൂമറുടെ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

