പത്തുലക്ഷം ടിബറ്റൻ വിദ്യാർഥികളെ ചൈന കടത്തിക്കൊണ്ടുപോയി ബോർഡിങ് സ്കൂളുകളിൽ തള്ളിയതായി റിപ്പോർട്ട്
text_fieldstibet
ന്യൂഡൽഹി: പത്തുലക്ഷത്തിലേറെ ടിബറ്റൻ വിദ്യാർഥികളെയും കൗമാരക്കാരെയും ചൈന നിർബന്ധിതമായി ബോർഡിങ് സ്കൂളുകളിലേക്ക് തള്ളിയതായി റിപ്പോർട്ട്. ചൈനീസ് അധിനിവേശ ടിബറ്റിലെ ബോർഡിങ് സകൂളുകളിൽ പാർപ്പിച്ചിരിക്കുന്ന ഇവരിൽ ഒരുലക്ഷത്തിലേറെയും നാലു മുതൽ ആറു വരെ പ്രായമുള കുട്ടിളാണെന്ന് ടിബറ്റൻ ആക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ കുട്ടികൾ ക്രൂരമായ മാനസിക പീഡനം, ഒറ്റപ്പെടൽ, അവഗണന, ചൈനീസ് പ്രബോധനം, വ്യക്തിത്വ നിരാസം എന്നിവ നേരിടുന്നതായി കുട്ടികളുടെ രക്ഷിതാക്കൾ പരാതിപ്പെടുന്നു. ചൈനീസ് ഗവൺമെന്റ് അധിനിവേശ ടിബറ്റിൽ നടത്തുന്ന ആയിരക്കണക്കിന് ബോർഡിങ് സ്കൂളുകളിലായാണ് കുട്ടികളെ നിർബന്ധിതമായി പാർപ്പിച്ചിട്ടുള്ളത്.
അടുത്ത ദലൈലാമയുടെ തെരഞ്ഞെടുപ്പ്പോലെയുള്ള ടിബറ്റിന്റെ സുപ്രധാന കാര്യത്തിൽപോലും കൈകടത്തുന്ന ചൈന ടിബറ്റൻകാരായി നിലനിൽക്കാനുള്ള കുട്ടികളുടെ അവകാശത്തിലാണ് കടന്നുകയറി അവരെ സ്വന്തം ഭാഷപോലും സംസാരിക്കാനോ സ്വന്തം സംസ്കാരം അറിയാനോ അനുവദിക്കാതെ പരിവർത്തനത്തിന് നിർബന്ധിതരാക്കുന്നതെന്ന് ടിബറ്റ് ആരോപിക്കുന്നു.
‘ഇത് വിദ്യാർഥി കോളനിവത്കരണമാണ്. 4700 വർഷം പഴക്കമുള്ള ടിബറ്റൻ സംസ്കാരത്തെ നിർമാർജനം ചെയ്യാനുള്ള ചൈനീസ് പ്രസിഡന്റ് സീ ജിൻ പിങ്ങിന്റെ വ്യവസ്ഥാപിത തന്ത്രമാണെന്നും ടിബറ്റൻ സാമൂഹ്യ ചിന്തകനായ ഡോ. ഗ്യാൽ ലോ പറയുന്നു. 2020ൽ ടിബറ്റ് വിട്ട് ടിബറ്റൻ ആക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി പ്രവർത്തിക്കുകയാണ് ഡോ. ഗ്യാൽ ലോ. ടിബറ്റൻ ഗ്രാമപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ നിർബന്ധിതമായി കടത്തിക്കൊണ്ടുപോയാണ് ചൈന ഇത്തരം സ്കൂളുകളിൽ പാർപ്പിച്ചിട്ടുള്ളത്. ആറ് മുതൽ 18 വയസുവരെ പ്രായമായ കുട്ടികൾ 9 ലക്ഷത്തോളം വരുമെന്നാണ് ഇവരുടെ കണക്കുകൾ. ഇതേ പ്രായത്തിലുള്ള സന്യാസിമാരെയും സന്യാസിനികളെയും ഇവിടേക്ക് മാറ്റുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് ചരിത്രവും ചൈനീസ് ഭാഷയും മാത്രമേ ഇവർക്ക് പഠിക്കാൻ അവകാശമുള്ളൂ. കുട്ടിക്കാലം മുതൽ ചൈനീസ് രീതികൾ അടിച്ചേൽപിച്ച് ഇവരെ ടിബറ്റുകാരല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

