ആഗാ ഖാൻ നാലാമൻ അന്തരിച്ചു
text_fieldsലിസ്ബൺ: ശിയാ ഇസ്മാഈലി മുസ്ലിംകളുടെ ആത്മീയ നേതാവും ശതകോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ആഗാ ഖാൻ നാലാമൻ (പ്രിൻസ് കരീം അൽ ഹുസൈനി) അന്തരിച്ചു. 88 വയസ്സായിരുന്നു. സ്വിറ്റ്സർലൻഡിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള അദ്ദേഹം ഫ്രാൻസിലാണ് ജീവിച്ചിരുന്നത്. പോർചുഗലിലെ ലിസ്ബണിലായിരുന്നു മരണം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഗാ ഖാൻ ഡെവലപ്മെന്റ് നെറ്റ്വർക്ക് ലോകത്തുടനീളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. 2014ൽ ഇന്ത്യ പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
1957ൽ ഇരുപതാം വയസ്സിലാണ് നേതൃസ്ഥാനം ഏറ്റെടുത്തത്. ലോകമെമ്പാടുമായി ഒന്നരക്കോടിയോളം അംഗസംഖ്യയുള്ള ശിയാ ഇസ്മാഈലി മുസ്ലിംകൾ ഇന്ത്യയിലും സജീവമാണ്. ആഗാ ഖാൻ ഫൗണ്ടേഷൻ ചാരിറ്റിയുടെ സ്ഥാപകനായ പ്രിൻസ് കരീം അൽ ഹുസൈനി കറാച്ചി സർവകലാശാല, ഹാർവഡ് സർവകലാശാലയിലെ ആഗാ ഖാൻ പ്രോഗ്രാം ഫോർ ഇസ്ലാമിക് ആർക്കിടെക്ചർ, മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവക്ക് സാമ്പത്തിക സഹായം നൽകിവരുന്നു. ഡൽഹിയിലെ ഹുമയൂൺ ശവകുടീരം നവീകരണത്തിലും ആഗാ ഖാൻ ട്രസ്റ്റ് പ്രധാന പങ്കുവഹിച്ചു.
ആറു ബില്യൻ പൗണ്ട് ആസ്തിയുള്ള ആഗാ ഖാന് അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുണ്ട്. ബഹാമാസിലെ സ്വകാര്യ ദ്വീപ് അടക്കം അഞ്ചു ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

