വംശഹത്യാ വിധിക്ക് പിന്നാലെ ആശ്വാസനീക്കം; 10,000 റോഹിങ്ക്യൻ അഭയാർഥികൾക്ക് തുർക്കിയയിൽ പുനരധിവാസം
text_fieldsക്വാലാലംപൂർ:10,000 റോഹിങ്ക്യൻ അഭയാർഥികളെ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി തുർക്കിയയിലേക്ക് പുനരധിവസിപ്പിക്കുമെന്ന് മലേഷ്യ. റോഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിന് ദീർഘകാല പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. 2017ൽ മ്യാൻമറിലെ റഖൈൻ സംസ്ഥാനത്ത് സൈനിക നടപടിയെ തുടർന്ന് റോഹിങ്ക്യൻ ജനത പലായനം ചെയ്തതിന് ശേഷം നടപ്പാക്കുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്നാണിത്.
മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് വെള്ളിയാഴ്ച പദ്ധതി പ്രഖ്യാപിച്ചത്. 2017ൽ റോഹിങ്ക്യൻ ജനതക്കെതിരെ മ്യാൻമർ സൈന്യം നടത്തിയ കൊലപാതകങ്ങളും വ്യാപകമായ ലൈംഗിക അതിക്രമങ്ങളും വംശഹത്യയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
മലേഷ്യയിലെ റോഹിങ്ക്യൻ അഭയാർഥി പ്രശ്നം കൂടുതൽ ഏകോപിതവും ഫലപ്രദവും മാനുഷികവുമായ രീതിയിൽ പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് അഹമ്മദ് സാഹിദ് പ്രസ്താവനയിൽ പറഞ്ഞു.
10,000 റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ തുർക്കി സർക്കാർ സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ നിയന്ത്രണവും ദേശീയ സുരക്ഷയും സംബന്ധിച്ച് ഏറെക്കാലമായി വെല്ലുവിളിയായി തുടരുന്ന പ്രശ്നത്തിന് ദീർഘകാല പരിഹാരം കണ്ടെത്താനുള്ള മലേഷ്യയുടെ ശ്രമങ്ങളിൽ നിർണായക ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾക്ക് സഹകരിച്ച് പ്രവർത്തിക്കാനുള്ള മാതൃകയായി ഈ പദ്ധതി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കുന്നതിനായി തുർക്കിയ അധികൃതർ, യു.എൻ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ചേർന്ന് അഭയാർഥികളെ തെരഞ്ഞെടുക്കൽ, പരിശീലനം, രേഖകൾ തയ്യാറാക്കൽ, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കും. തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ, അഭയാർഥികളുടെ സമ്മതം, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയക്കണമെന്ന സമ്മർദവും മലേഷ്യ നേരിടുന്നുണ്ട്. യു.എൻ.എച്ച്.സി.ആറിന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരി അവസാനം മലേഷ്യയിൽ മ്യാൻമറിൽ നിന്നുള്ള 1.93 ലക്ഷം രജിസ്റ്റർ ചെയ്ത അഭയാർഥികളുണ്ടായിരുന്നു. ഇതിൽ മൂന്നിൽ രണ്ടോളം പേർ റോഹിങ്ക്യക്കാരാണ്. ഈ വർഷം ജനുവരി മുതൽ 10,000ത്തിലധികം മ്യാൻമർ പൗരന്മാരെ മലേഷ്യ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിട്ടുണ്ട്.

