നെതന്യാഹുവിന്റെ വിചാരണ തടയാനുള്ള പരിഷ്കാരം; ഇസ്രായേലിൽ വൻ പ്രക്ഷോഭം
text_fieldsതെൽഅവീവ്: ‘അഴിമതി ആരോപണ കേസിൽ ഉൾപ്പെട്ട ഒരാളെ രക്ഷിക്കാൻ ജനാധിപത്യവും നിയമവ്യവസ്ഥയും അട്ടിമറിക്കുന്നുവെന്ന ആരോപണം ഉയർത്തി ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഴിമതി കേസിൽ വിചാരണ നേരിടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ ശ്രമിക്കുന്ന പരിഷ്‍കാരങ്ങൾക്കെതിരെയാണ് ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയത്.
ജനാധിപത്യത്തിനും സ്വാതന്ത്ര്യങ്ങൾക്കും സർക്കാറിന്റെ നയങ്ങൾ ഭീഷണിയുയർത്തുന്നതായി ഞായറാഴ്ച തെൽഅവീവിൽ അടക്കം പ്രക്ഷോഭം നടത്തിയവർ കുറ്റപ്പെടുത്തി. ‘കുടിയേറ്റ സർക്കാർ എനിക്ക് എതിരാണ്’, ‘ഭവനം, ഉപജീവനം, പ്രതീക്ഷ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം.
ഇസ്രായേൽ പാർലമെന്റായ നെസറ്റിലെ ഇടതുപക്ഷ, അറബ് അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പുതിയ മന്ത്രിസഭയുടെ പദ്ധതികൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്നും സാമൂഹിക വിടവുകൾ വർധിപ്പിക്കുമെന്നും അവർ വാദിക്കുന്നു.രാജ്യത്തെ സുപ്രീംകോടതിയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന നീതിന്യായ വ്യവസ്ഥയുടെ നവീകരണം അനാവരണം ചെയ്ത നീതിന്യായ മന്ത്രി യാരിവ് ലെവിനെതിരെയും പ്രതിഷേധമുയർന്നു.
സർക്കാർ നീതിന്യായ വ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജുഡീഷ്യറിയുടെ അധികാരം കുറക്കുകയും പുതിയ ഭരണമുന്നണിക്ക് പൂർണ അധികാരം ഉറപ്പിക്കുകയും ചെയ്യുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ഒരു വ്യക്തിക്ക് നിയമത്തിൽനിന്ന് രക്ഷപ്പെടാൻ ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും പ്രക്ഷോഭകർ ആരോപിച്ചു. രാജ്യത്തെ ജൂത- അറബ് വംശജർക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഉറപ്പാക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

