ജുഡീഷ്യറിയുടെ പരിഷ്കാരം: ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ
text_fieldsജറൂസലം: നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന നടപടികളുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെൽ അവീവിൽനിന്ന് ജറൂസലമിലേക്ക് പ്രകടനം നടത്തി.
70 കിലോമീറ്റർ ദൂരത്തിൽ നടന്ന പ്രകടനം സർക്കാറിനെതിരായ വൻ പ്രക്ഷോഭങ്ങളിൽ ഒന്നായി മാറി. വെള്ളിയാഴ്ച രാത്രി ജറൂസലമിന് 18 കിലോമീറ്റർ അകലെ ഷൊരേഷിൽ തമ്പടിക്കുന്ന പ്രക്ഷോഭകർ ശനിയാഴ്ച ഇസ്രായേൽ പാർലമെന്റ് ലക്ഷ്യമാക്കി നീങ്ങും.
പ്രതിഷേധങ്ങൾ അവഗണിച്ച് ജുഡീഷ്യറിയുടെ പരിഷ്‍കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയിരങ്ങൾ വീണ്ടും തെരുവിലിറങ്ങിയത്. പരിഷ്കരണ നടപടികളിൽനിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഭ്യർഥിച്ചിരുന്നു. മന്ത്രിമാരുടെ തീരുമാനങ്ങൾ റദ്ദാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബില്ലിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
അഴിമതിയും അയോഗ്യരായ വ്യക്തികളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതും തടയുന്നതിന് സുപ്രീംകോടതിക്കുള്ള അധികാരമാണ് ബിൽ പാസായാൽ ഇല്ലാതാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

