Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹമാസ് കൈമാറിയ മൂന്നു...

ഹമാസ് കൈമാറിയ മൂന്നു ബന്ദികളെ ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങി

text_fields
bookmark_border
ഹമാസ് കൈമാറിയ മൂന്നു ബന്ദികളെ ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങി
cancel

തെൽ അവീവ്: ഗസ്സ വെടി നിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് വിട്ടയച്ച മൂന്നു വനിത ബന്ദികൾ ഇസ്രായേൽ സൈന്യത്തിനരികിലെത്തി. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്. കൈമാറിയ റെഡ് ക്രോസാണ് ഐ.ഡി.എഫിനരികിലെത്തിച്ചത്.

യുവതികളെ തെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനക്ക് എത്തിക്കും. ഇസ്രായേൽ-റുമേനിയൻ പൗരയായ ഡോറോൻ വെറ്ററിനറി നഴ്സാണ്. നോവ സംഗീതനിശയിൽ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ബ്രിട്ടീഷ്-ഇസ്രായേൽ പൗരത്വമുള്ള എമിലിയെ ഫാർ അസയിലെ അപ്പാർട്ട്മെന്റിൽനിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്.

ഗസ്സ സിറ്റിയിലെ സറയ ചത്വരത്തിൽ ബന്ദികളുമായി വാഹനത്തിലെത്തിയ അൽ ഖസ്സാം പോരാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. വലിയ ആൾക്കൂട്ടമാണ് ചത്വരത്തിൽ തടിച്ചുകൂടിയത്. മുദ്രാവാക്യങ്ങളോടെയാണ് ഗസ്സക്കാർ ഖസ്സാം പോരാളികളെ വരവേറ്റത്. ഇവിടെ വെച്ചാണ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്. അതേസമയം, തെൽ അവീവിലെ ബന്ദി ചത്വരത്തിൽ ഇസ്രായേൽ ജനത ആഹ്ലാദ പ്രകടനം നടത്തുകയാണ്. ബന്ദികളുടെ കുടുംബത്തിന്‍റെ ഫോറമാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. ഗസ്സ അതിർത്തിക്കു സമീപം ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ യുവതികളുടെ കുടുംബം മോചിപ്പിക്കപ്പെട്ടവരെ സ്വീകരിക്കാനായി കാത്തുനിൽക്കുകയാണ്.

ഇവിടെ എത്തിച്ചശേഷം യുവതികളെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. യുവതികൾ പൂർണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് ഇസ്രായേൽ സൈന്യത്തെ അറിയിച്ചതായാണ് വിവരം. അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടത്. ഇതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽവന്നത്. നേരത്തെ, നിശ്ചയിച്ച സമയത്തല്ല ഗസ്സയിലെ വെടിനിർത്തൽ കരാർ നിലവിൽവന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് 12നാണ് വെടിനിർത്തൽ കരാർ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറുന്നത് വരെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിലപാട് എടുത്തതോടെയാണ് കരാർ നടപ്പാക്കുന്നത് വൈകിയത്.

ഇതിന് പിന്നാലെ സാങ്കേതിക കാരണങ്ങൾ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കരാർ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതുവരെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ 46,899 പേർ കൊല്ലപ്പെട്ടിരുന്നു. 1,10,725 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളിൽ 1,139 പേർ കൊല്ലപ്പെടുകയും ചെയ്തു.

മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും.

രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും. ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza ceasefireGaza Genocide
News Summary - Red Cross receives Gaza hostages, ceasefire in effect
Next Story