നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്രക്ക് സ്വീകരണം; രാജഭരണം തിരിച്ചുവരണമെന്ന് അനുയായികൾ
text_fieldsകാഠ്മണ്ഡു: നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ഷാക്ക് കാഠ്മണ്ഡു വിമാനത്താവളത്തിൽ അനുയായികളുടെ സ്വീകരണം. നിരോധനാജ്ഞ ലംഘിച്ച് നിരവധി പേരാണ് മുൻ ഭരണാധികാരിയെ സ്വീകരിച്ചത്. ‘രാഷ്ട്രത്തെ രക്ഷിക്കാൻ രാജാവ് ഗ്യാനേന്ദ്രയെ തിരികെ കൊണ്ടുവരണം’ എന്ന പ്ലക്കാർഡുമേന്തിയായിരുന്നു വരവേൽപ്. ത്രിഭുവൻ വിമാനത്താവള മേഖലയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ ഉത്തരവുകൾ അവഗണിച്ചാണ് നാട്ടുകാരെത്തിയത്. കിഴക്കൻ നേപ്പാളിലെ ജാപ്പയിൽ നിന്നാണ് ഗ്യാനേന്ദ്ര തലസ്ഥാന നഗരിയിലേക്ക് വന്നത്.
മുതിർന്ന നേതാവ് കമൽ താപ്പ നയിക്കുന്ന രാജഭരണ അനുകൂല രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെയും നവരാജ് സുബേദിയുടെയും മെഡിക്കൽ പ്രഫഷനൽ ദുർഗ പ്രസായ്യുടെയും നേതൃത്വത്തിലുള്ള വിവിധ വിഭാഗങ്ങളുടെയും പ്രവർത്തകരാണ് വെള്ളിയാഴ്ച രാവിലെ മുതൽ വിമാനത്താവള പരിസരത്തുണ്ടായിരുന്നത്.
മാർച്ച് അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് വ്യാഴാഴ്ച പ്രസായ് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു രാജാവിനെ പുനഃസ്ഥാപിക്കുക എന്ന ആവശ്യം പരിഗണിക്കാതെ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2008ലാണ് നേപ്പാളിൽ രാജവാഴ്ച നിർത്തലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

