പ്രത്യാക്രമണത്തിന് തയാർ -യുക്രെയ്ൻ
text_fieldsകിയവ്: റഷ്യൻ സേനക്കെതിരെ ദീർഘകാലമായി പ്രതീക്ഷിക്കുന്ന പ്രത്യാക്രമണം നടത്താൻ യുക്രെയ്ൻ തയാറാണെന്ന് രാജ്യത്തെ ഏറ്റവും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ ബി.ബി.സിയോട് പറഞ്ഞു. യുക്രെയ്ൻ നാഷനൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറിയും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ യുദ്ധ കാബിനറ്റിലെ നിർണായക പങ്കാളിയുമായ ഒലെക്സി ഡാനിലോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യാക്രമണം എന്ന് ആരംഭിക്കുമെന്ന് പറയാൻ അദ്ദേഹം തയാറായില്ല. അധിനിവേശ സേനയിൽനിന്ന് പ്രദേശം തിരിച്ചുപിടിക്കാനുള്ള ആക്രമണം ‘നാളെയോ മറ്റന്നാളോ അല്ലെങ്കിൽ ഒരാഴ്ചക്കുള്ളിലോ’ ആരംഭിക്കുമെന്ന് പറഞ്ഞു. ഈ തീരുമാനത്തിൽ യുക്രെയ്ൻ സർക്കാറിന് ‘തെറ്റുവരുത്താൻ അവകാശമില്ലെന്ന്’ അദ്ദേഹം പറഞ്ഞു. കാരണം, ഇത് നഷ്ടപ്പെടാൻ കഴിയാത്ത ചരിത്രപരമായ അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ബി.സിയുമായുള്ള അഭിമുഖത്തിനിടെ, പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു യോഗത്തിലേക്ക് അദ്ദേഹത്തെ വിളിച്ചുകൊണ്ട് പ്രസിഡന്റ് സെലൻസ്കിയുടെ ഫോൺസന്ദേശം എത്തുകയും ചെയ്തു.
ഏറ്റവും രക്തരൂഷിത യുദ്ധം നടന്ന ബഖ്മൂത്ത് നഗരത്തിൽനിന്ന് വാഗ്നർ കൂലിപ്പട്ടാളം പിൻവാങ്ങുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, മറ്റ് മൂന്ന് സ്ഥലങ്ങളിൽ അവർ വീണ്ടും സംഘടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളായി യുക്രെയ്ൻ പ്രത്യാക്രമണം നടത്താൻ പദ്ധതിയിടുകയാണ്. എന്നാൽ, സൈനികരെ പരിശീലിപ്പിക്കാനും പാശ്ചാത്യ സഖ്യകക്ഷികളിൽനിന്ന് ആയുധങ്ങൾ ലഭിക്കാനും മതിയായ സമയം ലഭിക്കുന്നതിനാണ് പ്രത്യാക്രമണത്തിന്റെ സമയം നീട്ടുന്നത്.